തൃശൂർ: അധികാരമല്ല ജനങ്ങൾ നൽകുന്ന അംഗീകാരമാണ് വലുതെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. അധികാരം ജനങ്ങൾക്കും ജനഹിതത്തിനും വേണ്ടിയുള്ളതാവണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയിലൂന്നിയ സാംസ്കാരിക ഐക്യമാണ് ഭാരതത്തിനുള്ളത്. അത് കാത്തുസൂക്ഷിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ജാതി-മത ചിന്തകൾക്കതീതമായി ഭാരതീയരാണെന്നതിൽ അഭിമാനവും, ഭരണഘടനയോട് ബഹുമാനവും ഉള്ള സമൂഹമാണ് നമുക്കു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറായ ശേഷം ആദ്യമായാണ് കുമ്മനം തൃശൂരിലെത്തുന്നത്. രാവിലെ 11.15ന് ടൗണ്ഹാളിലെത്തിയ അദ്ദേഹത്തെ പഞ്ചവാദ്യത്തിന്റെ അകന്പടിയോടെയാണ് സ്വീകരിച്ചത്. തുടർന്നു നടന്ന സ്വീകരണ സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി.
നൂറു വയസ് തികഞ്ഞ വിദ്യാഭ്യാസ വിചക്ഷണനും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ പി. ചിത്രൻ നന്പൂതിരിപ്പാടിനെ കുമ്മനം ആദരിച്ചു.
മാർ അപ്രേം മെത്രാപ്പോലീത്ത കുമ്മനത്തിന് തൃശൂരിന്റെ സ്നേഹോപഹാരം നൽകി. പരിസ്ഥിതി പ്രവർത്തകൻ ഡോ. വി.എസ്. വിജയൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, തിരുവന്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. ടി. ചന്ദ്രശേഖരൻ, ചേംബർ ഓഫ് കൊമേഴ്സ് ജില്ലാ പ്രസിഡന്റ് സി.എ. സലീം, കല്യാണ് സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ, കലാമണ്ഡലം ഗോപി, കെപിഎംഎസ് ഉപദേശക സമിതി അംഗം ടി.വി. ബാബു, കെ.എ. ഉണ്ണികൃഷ്ണൻ, വിപിൻ കൂടിയേടത്ത് എന്നിവർ പ്രസംഗിച്ചു.