പയ്യന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നേതൃത്വം നല്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി നാളെ പയ്യന്നൂര്‍ പോലീസ്പടയുടെ നിയന്ത്രണത്തിലാകും.ഡിജിപിയുടെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ക്കായി 12 ഡിവൈഎസ്പിമാര്‍, 16 സിഐമാര്‍, 28 എസ്ഐ മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പയ്യന്നൂര്‍ നഗരത്തില്‍ മാത്രമായി 600 പോലീസിനേയാണ് വിന്യസിക്കുന്നത്.പദയാത്ര കടന്നു പോകുന്ന പിലാത്തറ വരെയുള്ള റോഡുകളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. കെഎപി, എംഎസ്പി സേനാംഗങ്ങളേയും പോലീസിനോടൊപ്പം സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പയ്യന്നൂരിലെത്തിയ ഐജി മഹിപാല്‍ യാദവ്, കണ്ണൂര്‍ എസ്പി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍, പയ്യന്നൂര്‍ സിഐ എം.പി. ആസാദ് എന്നിവരുമായി സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.പോലീസ് നഗരത്തില്‍ റൂട്ട് മാര്‍ച്ചും നടത്തി.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പോലീസ് സേനാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജില്ലാ പോലീസ് മേധാവി ബ്രീഫിംഗ് നടത്തും. ഇന്നു വൈകുന്നേരം നാലിന് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം സേനാംഗംങ്ങള്ക്ക് സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ജില്ലാ കളക്ടര്‍ നാളെ ഉച്ചക്ക് ശേഷം പയ്യന്നൂര്‍ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എങ്കിലും ഗതാഗത നിയന്ത്രണമുള്ളതിനാല്‍ സ്കൂളുകളിലേക്കെത്താനും ഉച്ചക്ക് തിരിച്ചുപോകാനും വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടും. കരിവെള്ളൂര്‍, കോറോം, പിലാത്തറ, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നീ പ്രദേശങ്ങളില്നിന്നുമെത്തുന്ന വിദ്യാര്‍ഥികളാണ് നാളെ ബുദ്ധിമുട്ടിലാവുന്നത്.