ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും ആരെയും വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും മോദി മന്ത്രിസഭയിൽ സംസ്ഥാനത്തു നിന്നു ഒരാൾ മന്ത്രിയാകുമെന്ന സൂചന നിറയുന്നു. എന്നാൽ ആര് എന്ന ചോദ്യത്തിനു ഇതുവരെ മറുപടിയായിട്ടില്ല.
ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ മോദി മന്ത്രിസഭയിൽ രണ്ടാമനാകുമോ അതോ പാർട്ടി പ്രസിഡന്റാകുമോ എന്നചോദ്യത്തിനുപോലും ഉത്തരം ലഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിലെ മന്ത്രിയെക്കുറിച്ചു തലപുകഞ്ഞിട്ടുകാര്യമില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഏതായാലും ഒരാളെ മന്ത്രിയാക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
മുൻമന്ത്രി അൽഫോൻസ് കണ്ണന്താനം തുടരുന്ന സാഹചര്യമുണ്ടോ അതോ രാജ്യസഭ അംഗങ്ങളായ വി.മുരളീധരൻ, സുരേഷ് ഗോപി ഇവരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുമോ? മീസോറാം ഗവണറായിരുന്ന കുമ്മനം രാജേശേഖരനെ കേരളത്തിലേക്കു തിരിച്ചു കൊണ്ടു വന്ന പാർട്ടി അദ്ദേഹത്തിനു പ്രാധാന്യം കൊടുക്കുമെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
തിരുവനന്തപുരത്തു കുമ്മനം ജയിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ. കേരളത്തിലെ എൻഡിഎയുടെ 20 സ്ഥാനാർഥികളിൽ കുമ്മനം മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതു മാത്രമല്ല, അഖിലേന്ത്യാ നേതൃത്വത്തിനു താൽപര്യമുള്ള നേതാവാണ് കുമ്മനം രാജശേഖരൻ.
മറ്റൊരു സാധ്യത അൽഫോൻസ് കണ്ണന്താനത്തിനാണ്. അദ്ദേഹത്തിന്റെ മേഖലകളിൽ വോട്ടുകൾ കുറഞ്ഞുവെങ്കിലും മോദിയുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം ശക്തമാണ്. ഇതുകൂടാതെ മതന്യൂനപക്ഷങ്ങളിലേക്കു കടന്നു ഇറങ്ങാനുള്ള പാർട്ടിയുടെ തീരുമാനം അദ്ദേഹത്തിന് അനുകൂലമാണ്.
ഇതേ സമയം, കേരളത്തിൽ ബിജെപി മികച്ചവിജയം കരസ്ഥമാക്കിയെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. ശബരിമല വിഷയത്തിൽ നേട്ടം കൊയ്യാൻ സാധിച്ചുവെന്നു പറയുന്പോഴും തിരുവനന്തപുരത്തു പ്രതീക്ഷ വോട്ട് ലഭിച്ചില്ലെന്നും പറയുന്നു.
ഇന്നലെ ആലപ്പുഴയിൽ നടന്ന ബിജെപി കോർകമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കെതിരേ ശക്തമായ വിമർശനമാണ് പാർട്ടിനേതാക്കളിൽ നിന്നും ഉയർന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് പലപ്പോഴും പാർട്ടിക്കു ക്ഷീണമാണ് സൃഷ്ടിച്ചത്. അഖിലേന്ത്യാ നേതാക്കൾ പോലും പാർട്ടിയുടെ പ്രകടനം മോശമാണെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർത്തിയത്