കൊല്ലം: തന്നില്‍ ഇല്ലാത്ത മതവിദ്വേഷിയെ ഉയർത്തി പിടിക്കുന്നത് സ്വാര്ഥതാല്പര്യക്കാരാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കൊല്ലത്ത് നൽകിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സംബന്ധിച്ച് മതേതരത്വം എന്നത് അനുഷ്ഠാനമാണ്. മതേതരത്വത്തിന്റെ അന്തസത്ത സാഹോദര്യമാണ്. അത് ഹൃദയത്തില്‍ ഉണ്ടാകേണ്ട വികാരമാണ്. എല്ലാ മതക്കാരെയും ഒന്നിച്ചുനിര്‍ത്തുകയും സ്നേഹിക്കുകയും ചെയ്യുകയാണ് തന്റെ മതേതരത്വം.
എന്നാല്‍ തന്നെ എക്കാലത്തും ചിലര്‍ മതവിദ്വേഷിയായും വര്‍ഗീയവാദിയായും ചിത്രീകരിച്ച് അപഹസിക്കുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ തന്നെ സ്നേഹിക്കുന്ന ജനങ്ങളാണ് കരുത്ത് നല്‍കിയത്. പലരുടെയും അസഹ്യമായ കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിട്ടു. സത്യത്തില്‍ അവര്‍ക്കെല്ലാം ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്.
ഗവര്‍ണര്‍ പദവിയില്‍ അല്ലായിരുന്നെങ്കില്‍ അതെല്ലാം വ്യക്തമാക്കിയേനെ. കേരളത്തില്‍ മതേതരത്വം പറഞ്ഞുനടക്കുകയും മതങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ ഗൗരവമായി കാണണമെന്നും കുമ്മനം പറഞ്ഞു. ഹൃദയത്തിന്റെ വികാസമാണ് യഥാര്‍ഥത്തില്‍ ശരിയായ വികസനം. ഹൃദയം സ്വാര്‍ഥത കൊണ്ടുമൂടിയാല് ആരോടും സ്നേഹമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമയി മഠം ബ്രഹ്മചാരി വേദാമൃതചൈതന്യ പരിപാടി ഉദ്ഘാടനം ചെയ്തു. പൊയിലക്കട രാജന്‍നായര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ആര്.ഗോപാലകൃഷ്ണന്, സിഎസ്ഐ ബിഷപ് ഉമ്മന്ജോര്ജ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമദ്കുഞ്ഞ് മൗലവി, എസ്.ദേവരാജന്‍, കെ.പി.മുഹമദ്, ബി.രാധാമണി, ബിജെപി സംസ്ഥാന ട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍, രാജിപ്രസാദ്, തൂവനാട്ട് സുരേഷ്കുമാര്‍, ബി.ഷൈലജ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളും വ്യക്തികളും ഗവര്‍ണറെ പൊന്നാടയണിയിച്ച് ആദരിച്ചു.