ചവറ: കവിയല്ല ആരുതന്നെ ആയാലും നമ്മുടെ നാടിന്റെ സംസ്കാരം നോക്കി വേണം സംസാരിക്കാനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. വികാസ് യാത്രയുടെ ഭാഗമായി പന്മന ആശ്രമത്തിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഉന്നതനായാലും നാടിന്റെ സംസ്കാരത്തിന് വിരുദ്ധമായി സംസാരിച്ചാൽ രാജ്യത്തെ സ്നേഹിക്കുന്ന സാധാരണക്കാർ നല്ല മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചട്ടന്പി സ്വാമിയുടെ സമാധി മണ്ഡപത്തിലും കുന്പളത്ത് ശങ്കുപ്പിളളയുടെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തി.
പന്മന ആശ്രമത്തിലെത്തിയ കുമ്മനം മഠാധിപതി പ്രണവാനന്ദ തീർഥപാദരുടെ അനുഗ്രഹവും തേടിയ ശേഷമാണ് മടങ്ങിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.രാധാമണി, മേഖല സംഘടന സെക്രട്ടറി പത്മകുമാർ, ചവറ നിയോജക മണ്ഡലം പ്രസിഡന്റ് വെറ്റമുക്ക് സോമൻ, എം.എസ് ശ്യാംകുമാർ, അനിൽ വാഴപ്പളളി, സരോജാക്ഷൻപിളള, ബിന്ദു ബലരാമൻ എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് ഒ.എൻ. വി കുറുപ്പിന്റെ തറവാടായ നന്പ്യാടിക്കലിലും സന്ദർശനം നടത്തി. കവിയുടെ സഹോദരി പുത്രൻ ജ്യോതികുമാർ, ആനന്ദ ഗോപൻ എന്നിവർ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡോ. ശ്രീകുമാർ, ദിലീപ്, ശ്രീകുമാർ എന്നിവർ ചേർന്ന് ഒ.എൻ. വി കുറുപ്പെഴുതിയ ഗണഗീതം കുമ്മനം രാജശേഖരന് നൽകി