തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് സംസ്ഥാനത്തെ എൻഡിഎയിൽ പൊട്ടിത്തെറി ഉണ്ടായതിനു പിന്നാലെ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നും അവിടെ ആര് മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും കുമ്മനം വ്യക്തമാക്കി. എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്കുമെന്നും ദേശീയ നേതൃത്വവുമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
നേരത്തെ സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി അറിയിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പളളിയും രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് എൻഡിഎ സംവിധാനം ദുർബലമായെന്നും ബിജെപി ബിഡിജെഎസിനെ അവഗണിച്ചെന്നും ഇരു നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ അറിയിച്ചിരുന്നു. –