ചാലക്കുടി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് പോലീസ് വിശദീകരണം തൃപ്തികരമല്ലെന്നും കേസന്വേഷണം സിബിഐയെ ഏല്പിക്കാനുള്ള നിലപാട് സർക്കാർ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ സന്ദർശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനപ്രിയനായ കലാഭവൻ മണിയുടെ മരണം സംഭവിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ലെന്നും, മണിയുടെ കുടുംബാംഗങ്ങളും ആരാധകരും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ സർക്കാരിന് അതിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ കുടുംബാംഗങ്ങൾ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ബിജെപി എല്ലാ പിന്തുണയും നല്കുന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ബിജെപി നേതാക്കളായ എ.കെ.നസീർ, പി.എം.വേലായുധൻ, ഷാജിമോൻ വട്ടേക്കാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.