ന്യൂഡൽഹി : മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന.
തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടിയിൽ ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. ഈ അഭിപ്രായം പാർട്ടി സംസ്ഥാന നേതൃത്വം ദേശീയ പ്രസിഡന്റ് അമിത് ഷായോട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർഥിയാകണമെന്നാണ് ആർഎസ്എസിന്റെ ആഗ്രഹം.
കോണ്‍ഗ്രസും എൽഡിഎഫും തങ്ങളുടെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുമ്മനം മത്സര രംഗത്ത് വരുന്നതോടെ തിരുവനന്തപുരത്ത് ത്രികോണ മത്സരത്തിന് സാധ്യതയേറുകയാണ്. ഗവർണർസ്ഥാനത്തു നിന്നുള്ള രാജിക്കുശേഷം കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം. കുമ്മനത്തിന്റെ അത്ര വിജയസാധ്യത മറ്റാർക്കുമില്ലെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം മേയ് 29നാണ് കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സ്ഥാനമേറ്റത്.