എംജെ ശ്രീജിത്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കാത്തതിൽ ആർ എസ് എസിന് കടുത്ത അതൃപ്തി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആദ്യം മുതൽ തന്നെ പറഞ്ഞിരുന്ന കുമ്മനത്തെ അനുനയിപ്പിച്ച് തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറാണെന്ന സമ്മതം അറിയിച്ചതിന് പിന്നിൽ ആർ എസ് എസ് നേതൃത്വമാണ്. ആർ എസ്എസ് നേരിട്ടാണ് കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ അതുകൊണ്ട് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടു വച്ചതും ആർഎസ്എസ് നേതൃത്വമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കുമ്മനത്തെ ഒന്നാം പേരുകാരനാക്കി സംസ്ഥാന നേതൃത്വം വട്ടിയൂർക്കാവിൽ പട്ടിക നൽകിയത്. ബിജെപി ജില്ലാ അധ്യക്ഷനെന്ന നിലയിൽ ആറു വർഷം പൂർത്തിയാക്കുന്ന സുരേഷിനെ ആ പദവിയിൽ നിന്നും ഒഴിവാക്കാനാണ് വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്.
എന്നാൽ മത്സരത്തിനില്ലെന്ന് പറഞ്ഞ കുമ്മനത്തെകൊണ്ട് മത്സരിപ്പിക്കാൻ തയ്യാറാണെന്ന് പറയിപ്പിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കുകയും ചെയ്തിട്ട് ഒഴിവാക്കിയതിൽ തലസ്ഥാനത്തെ ബിജെപി പ്രവർത്തകർക്കിടയിലും കടുത്ത അതൃപ്തിയാണ്. കടുത്ത മത്സരത്തിന് ഒരുങ്ങിയിരുന്ന വട്ടിയൂർക്കാവിലെ പാർട്ടി നേതൃത്വവും പ്രവർത്തകരും കടുത്ത നിരാശയിലാണ്.
കുമ്മനമാണ് സ്ഥാനാർഥിയാണെന്ന് ഉറച്ച് അദ്ദേഹത്തിന് വോട്ടഭ്യർഥിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ പലയിടത്തും നടത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്തിരുന്നു. പ്രധാനവ്യക്തികളേയും പ്രവർത്തകരേയും കണ്ട് കുമ്മനം വോട്ടഭ്യർഥന ആരംഭിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഒ രാജഗോപാൽ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള ബിജെപി നേതാവാണ് കുമ്മനം രാജശേഖരൻ. കുമ്മനത്തെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന കാര്യം ഇതുവരെ സംസ്ഥാന നേതൃത്വമോ കേന്ദ്ര നേതൃത്വമോ വ്യക്തമാക്കിയിട്ടില്ല.
ഇക്കാര്യം കുമ്മനത്തോട് ചോദിച്ചപ്പോഴും തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന മറുപടിയാണ് നൽകിയത്. ജില്ലാ സംസ്ഥാന സമിതികൾ തന്റെ പേരാണ് ഒന്നാമതായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിക്ക് മുന്നിലേയ്ക്ക് അയച്ചത്. ഒരാളയല്ലേ അംഗീകരിക്കാൻ കഴിയു. തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നാണ് കുമ്മനം പറഞ്ഞത്. തീരുമാനത്തിൽ കടുത്ത നിരാശനാണെന്നാണ് അദ്ദേഹത്തിന് അടുപ്പമുള്ളവർ പറയുന്നത്.
കേന്ദ്ര നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള സംസ്ഥാനത്തു നിന്നുള്ള നേതാവാണ് കുമ്മനത്തെ അവസാനം നിമിഷം തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കങ്ങൾ നടത്തിയതെന്ന സൂചനകളും പുറത്തുവരികയാണ്. കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാൻ ഈ നേതാവാണ് കുമ്മനത്തെ മിസോറാം ഗവർണായി നിയമിക്കാൻ ചുക്കാൻ പിടിച്ചതെന്ന് സംസാരം ബിജെപിയ്ക്കുള്ളിൽ നേരത്തെ തന്നെ ഉണ്ട്.
ഇപ്പോഴത്തെ നീക്കത്തിനു പിന്നിലും ഈ നേതാവാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.സുരേഷും ആർഎസ്എസ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്. ആർഎസ്എസ് നേതൃത്വവുമായും പ്രവർത്തകരുമായും നല്ല ബന്ധത്തിലുമാണ്. അതിനാൽ ഇപ്പോഴത്തെ ആർഎസ്എസ് നേതൃത്വത്തിന്റെ നീരസം മറികടക്കാമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.