കണ്ണൂർ: കണ്ണൂരിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ച തുടങ്ങി. തിരുവനന്തപുരത്തും കോട്ടയത്തും നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് കണ്ണൂരിലും ചർച്ച നടത്തുന്നത്. ഇന്നു രാവിലെ പത്തോടെ കണ്ണൂർ ഗസ്റ്റ് ഹൗസിലാണ് ചർച്ച ആരംഭിച്ചിരിക്കുന്നത്.
സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഎം തലശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനൻ എന്നിവരും ബിജെപിയെ പ്രതിനിധീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റരർ കെ. രഞ്ജിത്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ആർഎസ്എസ് സംസ്ഥാന കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ആർഎസ്എസ് സംസ്ഥാന സഹസംഘചാലക് കെ.കെ. ബലറാം, ആർഎസ്എസ് വിഭാഗ് പ്രമുഖ് വി.ശശിധരൻ എന്നിവരാണ് പങ്കെടുക്കുന്നത്.
ബിജെപി-സിപിഎം നേതാക്കൾക്കു പിന്നാലെ ചർച്ച നടക്കുന്ന ഹാളിലേക്ക് മാധ്യമപ്രവർത്തകർ പ്രവേശിച്ചപ്പോൾ ഇവരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്താൽ ശരിയാകുമോ എന്നു കോടിയേരി ബാലകൃഷ്ണൻ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ആർഎസ്എസ് നേതാക്കളുടെ മറുപടി. തുടർന്ന് മാധ്യമപ്രവർത്തകർ പുറത്തിറങ്ങുകയായിരുന്നു.