നിലവില്‍ മിസോറാം ഗവര്‍ണറായിരിക്കുന്ന കുമ്മനം രാജശേഖരന്, അടുത്തു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകളാണിപ്പോള്‍ പുറത്ത് വരുന്നത്. ബിജെപിയുടെ സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയതാണിത്.
ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ഏറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത. അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെ തലയെടുപ്പുളള ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മത്സരിച്ചതുകൊണ്ടാണ്.
തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന് മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബി.ജെ.പിയിലെ പൊതുവിലയിരുത്തല്‍. കുമ്മനവും മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ടെന്ന് എം.എസ്. കുമാര്‍ വെളിപ്പെടുത്തി.