മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഇല്ലല്ലോ എന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ അദ്ദേഹത്തിന്റെ അവസ്ഥയാണ് ആളുകളെക്കൊണ്ട് ഇങ്ങനെ ചോദിപ്പിക്കുന്നത്. മറ്റൊന്നുമല്ല, കാലിയായ സദസ്സിനെ നോക്കി റിപ്പബ്ലിക് ദിന സന്ദേശം നല്‍കേണ്ടി വന്നിരിക്കുകയാണ്, മിസോറാം ഗവര്‍ണറായ കുമ്മനത്തിന്.
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പൊതുജനങ്ങള്‍ റിപ്പബ്ലിക് ദിന പരിപാടി ബഹിഷ്‌കരിച്ചത്. പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികളും സ്റ്റേഡിയത്തില്‍ എത്തിയിരുന്നില്ല. പോലീസും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് സദസ്സിലുണ്ടായിരുന്നത്.
സംസ്ഥാനത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ശക്തമായ ശ്രമങ്ങളുണ്ടാകുമെന്ന് ചടങ്ങില്‍ കുമ്മനം പറഞ്ഞു. അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരാവകശ സംഘടനകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും സംയുക്ത സംഘമായ എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. അതേസമയം, കനത്ത പോലീസ് കാവലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വാര്‍ത്ത പുറത്തു വന്നതോടെ കേരളത്തിലുണ്ടായിരുന്നപ്പോഴത്തെ അവസ്ഥ തന്നെയാണല്ലേ ഇപ്പോഴും എന്ന് ചോദിച്ച് നിരവധി മലയാളികളും രംഗത്തെത്തുന്നുണ്ട്.