ആലപ്പുഴ: രാഷ്ട്രപതി കേരളത്തെ പുകഴ്ത്തിയത് അമിത്ഷായ്ക്കും പ്രധാനമന്ത്രി മോദിക്കുമുള്ള മറുപടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന കാര്യം അറിയാതെയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിന്റെ വിഭവസാധ്യതകളെയാണ് രാഷ്ട്രതി പ്രശംസിച്ചത്.
എന്നാൽ, അത് വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു ശരിയല്ല. വേങ്ങരയിൽ ബിജെപിയുടെ വോട്ടു കുറയാൻ കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നു ആലപ്പുഴയിൽ നടക്കുന്ന ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സംസ്ഥാന നേതാക്കൾ വേങ്ങരയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നും ആക്ഷേപം ഉയർന്നു.
ജനരക്ഷാ യാത്ര വേങ്ങര തെരഞ്ഞെടുപ്പിന്റെ സമയത്തായത് തിരിച്ചടിയായി. നോട്ടു നിരോധന വാർഷികമായ നവംബർ എട്ടിനു കേരളത്തിൽ ബിജെപിയുടെ മഹാസംഗമം നടത്താനും തീരുമാനമായി. കേന്ദ്ര നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
കോഴിക്കോടും തിരുവനന്തപുരത്തും റാലികളും സംഘടിപ്പിക്കും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികളായി ദേശീയ ജോയിന്റെ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും, എച്ച്. രാജയും പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളജ് കോഴ വിവാദം ചർച്ച ചെയ്യേണ്ടെന്ന നിലപാടും നേതൃത്വം എടുത്തിട്ടുണ്ട്.