പുനലൂർ: പ്രവാസിആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം കേരളത്തിന്റെ യശസിന് കളങ്കം ചാർത്തിയ സംഭവമെന്ന് ബിജെപി സംസ്ഥാന അധ്യ ക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാട്ടിൽ കഠിനാധ്വാനം ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഈ സംഭവത്തിലൂടെ തെളിയുന്നത്. സർക്കാരിന്റെ നയവൈകല്യം മൂലം കേരളത്തിൽ നിക്ഷേപവും തൊഴിൽ സംരഭവും തുടങ്ങാൻ കഴിയില്ല.
നിലം നികത്തി എന്നതാണ് പ്രശ്നമെങ്കിൽ അതിന് ഉത്തരം പറയേണ്ടത് കൃഷിമന്ത്രിയാണ്. തണ്ണീർതട നീർത്തന പദ്ധതിയിൽ വെള്ള ചേർത്തിയതും ഈ സർക്കാർ വന്നതിന് ശേഷം നിയമങ്ങൾ ദുർബലമായി. തൊഴിൽ എടുത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഈ കുടുംബത്തോട് കാട്ടിയവർ ഗുരുതരമായ നിന്ദയും, ക്രൂരതയുമാണ് ഇതിലൂടെ ചെയ്തത്.
ഇന്ന് കേരളത്തിലെ രാഷ്ട്രീയം മലീമസമായതായും ഒന്നോ രണ്ടോ പേരുടെ അറസ്റ്റുകൊണ്ട് തീരില്ല. ഇവർക്ക് ഏറ്റ മുറിവ് ഉണക്കേണ്ടത് ഈ സർക്കാർ ആണ്. ഇതിന് ആവശ്യമായ പോംവഴി കാണണമെന്നും വിദഗ്ധ കുറ്റാന്വേഷണ സംഘത്തെ കേസ് ഏൽപ്പിക്കുകയും നടപടി ഉണ്ടാകുന്നതുവരെ പ്രക്ഷോഭ പരിപാടികളുമായി ബിജെപി രംഗത്ത് ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, ജില്ലാ സെക്രട്ടറി ആയൂർ മുരളി , നിയോജക മണ്ഡലം മോർച്ചാ ഭാരവാഹികളും അദ്ദേഹത്തെ അനുഗമിച്ചു.