നിയാസ് മുസ്തഫ
കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി. ബിജെപിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ വിജയ പ്രതീക്ഷയുണ്ടെന്നു തന്നെയാണ് ബിജെപിയുടെ വിലയിരുത്ത ൽ. പക്ഷേ മത്സരിക്കുന്നയാൾ ശക്തനായിരിക്കണമെന്നതിൽ തർക്കമില്ല.
സ്ഥാനാർഥി ആരെന്ന ചോദ്യത്തിനു മുന്നിൽ ബിജെപി നേതൃത്വം എത്തിനിൽക്കുന്നത് മിസോറാം ഗവർണർ ആയ കുമ്മനം രാജശേഖരനിലാണ്. ആർഎസ്എസ് നേതൃത്വവും കുമ്മനം മത്സരിക്കണമെന്ന നിലപാടിലാണ. ബിജെപി നേതാക്കളും പ്രവർത്തകരുമെല്ലാം കുമ്മനം മത്സരിച്ചാൽ തിരുവനന്തപുരം നേടാമെന്ന് വിശ്വസിക്കുന്നവരാണ്.
പക്ഷേ അന്തിമ തീരുമാനം വരേണ്ടത് കേന്ദ്ര നേതൃത്വത്തിൽനിന്നാണ്. ഇതിനായി കാത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. കുമ്മനത്തിന്റെ തീരുമാനവും ഇക്കാര്യത്തിൽ നിർണായക മാണ്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ശോഭിച്ചു നിൽക്കവേയാണ് മിസോറാം ഗവർണറായി കുമ്മനത്തെ കേന്ദ്ര സർക്കാർ നിയമിക്കുന്നത്. ഇതോടെ സജീവ രാഷ്ട്രീയത്തിൽനിന്ന് കുമ്മനത്തിന് മാറി നിൽക്കേണ്ടി വന്നു.
കുമ്മനത്തിന്റെ അസാന്നിധ്യം ബിജെപി സംസ്ഥാന ഘടകത്തിന് വലിയൊരു പോരായ്മയായി മാറിയെന്നു പറയാം. ശബരിമല സമരത്തിലടക്കം ഇദ്ദേഹത്തിന്റെ അസാന്നിധ്യം സംസ്ഥാന ബിജെപിക്ക് വലിയ തിരിച്ചടിയായതായി നേതാക്കൾ വിലയിരുത്തുന്നു.തിരുവനന്തപുരത്ത് ആരെ മൽസരിപ്പിക്കണമെന്ന കാര്യത്തിൽ ബിജെപി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സിറ്റിംഗ് എംപി ശശി തരൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്ന നിലയുള്ളതിനാൽ കുമ്മനത്തെപ്പോലുള്ള ശക്തനായ നേതാവിനെ തന്നെ ബിജെപിക്കുവേണ്ടി രംഗത്തിറക്കണ മെന്നാണ് പ്രബല അഭിപ്രായം. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനത്തിന് രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞി രുന്നു. കുമ്മനം വരുന്നതിൽ ആരും എതിർപ്പ് പറയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ബിജെപി തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ ഈ പ്രതികരണം.എന്നാൽ ഇക്കാര്യത്തിൽ തീരുമാനം കുമ്മനത്തിന്റേതാണ്. പാർട്ടിയിൽ ഇക്കര്യത്തിൽ എതിർപ്പുണ്ടാകില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് കെ.മുരളീധരനു മുന്നിൽ മികച്ച മത്സരം കാഴ്ച വച്ചു രണ്ടാം സ്ഥാനത്ത് എത്തിയതും കുമ്മനത്തിന് ലഭിക്കുന്ന പൊതു സ്വീകാര്യതയും തിരുവനന്തപുരത്ത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
അങ്ങനെ വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.രാജഗോപാലിനേക്കാൾ ജയ സാധ്യത കുമ്മനത്തിനുണ്ടെ ന്ന് ബിജെപി കണക്കുകൂട്ടുന്നു.ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തിൽ കുമ്മനത്തെ മടക്കിക്കൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വത്തിനുമേൽ സമ്മർദ്ദവും ഏറുകയാണ്. പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യതയാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുളള ഇടതുമുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമേ കഴക്കൂട്ടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും.
തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തൽ.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലുംകഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാമതായിരുന്നു.
കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂർ രാജഗോപാലിനെ മറികടന്നത്. ഇപ്പോൾ സാഹചര്യങ്ങൾ കുറേക്കൂടി അനുകൂലമാണെന്നും ബിജെപി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് കുമ്മനത്തെ രാഷ്ട്രീയത്തിൽ തിരികെ എത്തിക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിന് മേലും സമ്മർദ്ദമേറുന്നത്.
ഗവർണർമാർ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ മടങ്ങിവരവ് അസാധ്യമല്ല. 2014 ൽ കേരള ഗവർണറായിരുന്ന നിഖിൽ കുമാർ രാജിവച്ച് ലോക്സഭാ തിഞ്ഞെടുപ്പിൽ ഒൗറംഗബാദിൽ മൽസരിച്ചിരുന്നു.
അതുപോലെ കുമ്മനം രാജശേഖരന് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് സ്ഥാനാർഥിയായാൽ വളരെ ശക്തമായ ത്രികോണമൽസരമാകും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നടക്കുകയെന്നതിൽ സംശയമില്ല.