പയ്യന്നൂർ:ഇനിയൊരു ബലിദാനിപോലും ചുവപ്പ് ഭീകരതയുടെ ഇരയാകാന്‍ പാടില്ല എന്ന മുദ്രാവാക്യവുമായി മൂന്നിന് പയ്യന്നൂരില്‍ നിന്നുമാരംഭിക്കുന്ന ജനരക്ഷായാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.എടാട്ട് ഗ്രീന്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടിന് ആരംഭിച്ച് വൈകുന്നേരം സമാപിച്ച സംസ്ഥാന സമിതിയുടേയും കോര്കമ്മിറ്റിയുടേയും ജനരക്ഷായാത്രയുടെ അവസാനഘട്ട അവലോകന യോഗത്തിന്േതാണ് വിലയിരുത്തല്‍.
ജനരക്ഷായാത്ര ജാഥാലീഡറും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന് യോഗം ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റിയംഗവും കേരളത്തിന്റെ ചുമതലയുമുള്ള സഹ പ്രഭാരി നളിന്‍കുമാര്‍ കട്ടില്, ജനരക്ഷായാത്ര കണ്‍വീനര്‍ വി.മുരളീധരന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന് പിള്ള, എം.ഗണേശന്, കെ.സുഭാഷ്, സി.കെ.പത്മനാഭന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, കെ.രഞ്ജിത്ത,് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്,പുഞ്ചക്കര സുരേന്ദ്രന്,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റെ് പ്രകാശ് ബാബു എന്നിവരുള്‍പ്പെടെ അറുപതോളം നേതാക്കളാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.
ബിജെപിയുടെ ദേശീയാദ്ധ്യക്ഷന് നയിക്കുന്ന പദയാത്രയില്‍ ഇരുപത്തി അയ്യായിരത്തിലധികം പ്രവര്‍ത്തകരെ അണിനിരത്താനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. ഭക്ഷണം , കുടിവെള്ളം, ആരോഗ്യം, പ്രചരണം, വളണ്ടിയര്‍, സ്വച്ഛഭാരത്, സുരക്ഷ, തുടങ്ങിയ മുപ്പതിലധികം കമ്മിറ്റികളാണ് ജനരക്ഷായാത്രയുടെ വിജയത്തിനായി രംഗത്തുള്ളത്.
പദയാത്രയോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും തെരുവു നാടകങ്ങളും തയ്യാറായിക്കഴിഞ്ഞു.
രണ്ടാം ബര്‍ദോളിയുടെ മണ്ണില്‍നിന്നും പുറപ്പെടുന്ന ജനരക്ഷായാത്ര കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.