ആലപ്പുഴ: ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര 13നു ജില്ലയിലെത്തും. രാവിലെ 10ന് കോട്ടയത്തും നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ ബിജെപി ജില്ലാ പ്രസിഡൻറ് കെ. സോമന്റ നേതൃത്വത്തിൽ തണ്ണീർമുക്കത്തുവച്ച് സ്വീകരിക്കും. തുടർന്ന് 11ന് ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം സ്വീകരണ സമ്മേളനം നടക്കും.
ഉച്ചയ്ക്കുശേഷം 2.30 ഓടെ ജാഥ കലവൂരിലെത്തും. മൂന്നോടെ കലവൂരിൽ നിന്നും പദയാത്ര ആരംഭിക്കും. ബിജെപി സംസ്ഥാന പ്രസിഡൻറിനൊപ്പം അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രജലവിഭവ സഹമന്ത്രി ഡോ. സത്യപാൽ സിംഗ്, ദേശീയ സംസ്ഥാന നേതാക്കൾ എന്നിവർക്കൊപ്പം ആറ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ ജാഥയിൽ പങ്കെടുക്കും.
വൈഎംസിഎയ്ക്ക് സമീപമുള്ള മഹേശ്വരി മൈതാനിയിലാണ് പദയാത്ര സമാപിക്കുന്നത്. സമാപനഭാഗമായി സമ്മേളനവും നടക്കും. 14ന് രാവിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കുട്ടനാട്, തിരുവല്ല വഴി ജാഥ 11ന് ചെങ്ങന്നൂരിലെത്തും. സ്വീകരണ സമ്മേളനങ്ങൾക്കുശേഷം പത്തനംതിട്ട ജില്ലയിലേക്കു ജാഥ പ്രവേശിക്കും. രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകൾ ജനരക്ഷാ യാത്രയ്ക്കിടയിൽ ജാഥാ ക്യാപ്റ്റൻ സന്ദർശിക്കും. പത്രസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻറ് കെ. സോമനും പങ്കെടുത്തു.