തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിൽ മുഖ്യമന്ത്രി പ്രസംഗം മാത്രം നടത്തി യോഗ ഉദ്ഘാടനം ചെയ്ത നടപടി ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യോഗയുടെ പാരന്പര്യം മുഖ്യമന്ത്രി മനസ്സിലാക്കിയില്ല. മുസ്ലിം രാഷ്ട്രത്തലവൻമാർ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചപ്പോൾ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗ ദിനം ആഘോഷിക്കുകയായിരുന്നുവെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുസ്ലീം രാഷ്ട്രത്തലവൻമാർ ഉൾപ്പടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ‘ആചരിച്ച’പ്പോൾ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം ‘ആഘോഷി’ക്കുകയായിരുന്നു. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരൻമാരേയും അവഹേളിക്കുന്നതാണ്. വേദസാരമായ ഉപനിഷത്തുകളിലും ഭഗവത്ഗീതയിലും യോഗയെപ്പറ്റി പരമാർശമുണ്ട്. യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണ്.
യോഗ എന്നത് ചിത്തവൃത്തികളുടെ നിരോധമാണ്. ഇത് നടക്കുന്നതാകട്ടെ ആത്മീയതയുടെ അടിസ്ഥാനത്തിൽ മാത്രവും. ഇതിനായി പതഞ്ജലി മഹർഷി ആവിഷ്കരിച്ചതാണ് അഷ്ടാംഗയോഗം.യോഗം എന്ന പദ്ധതി പൂർണ്ണമാകണമെങ്കിൽ യമം, നിയമം, ആസനം, പ്രാണായാമം. പ്രത്യാഹാരം,ധാരണ, ധ്യാനം, സമാധി ഇവ ഒരുമിക്കണം. ഇത് വെറും വ്യായാമ മുറ കൊണ്ട് മാത്രം സാധിക്കില്ല.
യോഗ മതവിരുദ്ധമോ മത നിഷേധമോ അല്ല. എല്ലാ മതസ്ഥരേയും സമന്വയിപ്പിക്കുന്ന ജീവിത പദ്ധതിയാണിത്. മതങ്ങൾ ഉണ്ടാകുന്നതിനും മുൻപ് യോഗ ഭാരതത്തിൽ പ്രചാരത്തിലുണ്ട്. മന്ത്രവും ബ്രഹ്മനാദവുമെല്ലാം പ്രാചീന ഋഷീശ്വരൻമാർ തപസ്സിലൂടെ ബോധ്യപ്പെട്ട് ചിട്ടപ്പെടുത്തിയ യോഗ വിധികളാണ്. അവയൊന്നും പാടില്ലെന്ന് നിഷ്കർഷിക്കുന്നത് പതഞ്ജലി മഹർഷിയെയും അതുവഴി യോഗയുടെ അന്തസ്സത്തയെ തന്നെയും ചോദ്യം ചെയ്യുന്നതാണ്. മന്ത്രം ചൊല്ലിയതിന്റെ പേരിലാണ് കഴിഞ്ഞ വർഷം ആരോഗ്യമന്ത്രി യോഗവേദി വിട്ടിറങ്ങിപ്പോയത്.
മനുഷ്യരിൽ അന്തർലീനമായ ദിവ്യശക്തിയെ ഉയർത്തുന്ന യോഗമാർഗ്ഗം ആധ്യാത്മികമായ പരിവർത്തനമാണുണ്ടാക്കുന്നതെന്ന് സ്വാമി വിവേകാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ യോഗയെ മതേതരമാക്കാൻ ശ്രമിക്കുന്നത് നിരീശ്വര -ഭൗതിക വാദങ്ങളുടെ തടവറയിൽ യോഗയെ തളച്ചിടാനാണ്.
മതങ്ങൾ ഉണ്ടാകും മുൻപ് തന്നെ ലോകത്തിന് വ്യക്തമായ ദർശനവും കാഴ്ചപ്പാടും ഭാരതീയ ഋഷികൾ നൽകിയിട്ടുണ്ട്. അതിൽ ഒരു മാർഗ്ഗമാണ് യോഗ. ഇത് പാശ്ചാത്യർ അംഗീകരിച്ചിട്ടും ഋഷിപാര്യമ്പര്യത്തിന്റെ പിൻതലമുറക്കാരനായ പിണറായി വിജയനെ പോലുള്ളവർ മനസ്സിലാക്കാത്തത് ഖേദകരമാണ്. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഓംകാരം സഹിതം പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ഈ പാരമ്പര്യത്തെ പൂർണ്ണമായും ആദരിക്കുന്നതാണ്.