തിരുവനന്തപുരം: സിപിഎമ്മിന്റെ ഓദ്യോഗിക ലൈൻ പാർട്ടിക്കുള്ളിലെ കോണ്‍ഗ്രസ ലോബി അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബംഗാളിലെ അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ സിപിഎം ഇനിയും തയാറായിട്ടില്ലെന്നും ദേശീയതലത്തിൽ രൂപം കൊള്ളുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യത്തോടെ കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാളിലെ ദുരനുഭവം തന്നെയാകുമെന്നും കുമ്മനം പറഞ്ഞു.
ഓരോ മൂന്ന് വർഷം കൂടുന്പോഴും ചട്ടപ്പടി ചേരുന്ന സിപിഎം പാർട്ടി കോണ്‍ഗ്രസുകൾ കോണ്‍ഗ്രസ് പാർട്ടിയോടുളള സമീപനം മാത്രം ചർച്ച ചെയ്യുന്നതിനുളള വേദിയായി ചുരുങ്ങുന്നത് ആ പാർട്ടി നേരിടുന്ന ആശയ ദാരിദ്രമാണ് വ്യക്തമാക്കുന്നത്.
രാഷ്ട്രീയ പ്രമേയത്തിൽ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കില്ലെന്ന വ്യവസ്ഥ ഒഴിവാക്കുക വഴി സിപിഎമ്മും സിപിഐയും ഒരേ രാഷ്ട്രീയ ലൈനിൽ എത്തിച്ചേർന്നിരിക്കുന്നു. ഒരേ രാഷ്ട്രീയ ലൈനിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലപ്രവർത്തിക്കുന്നതിന്റെ യൂക്തി എന്തെന്ന് ജനങ്ങളോടു വിശദീകരിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും നേതൃത്വങ്ങൾ തയ്യാറാകണം- കുമ്മനം പറഞ്ഞു.
ബംഗാളിലെ അനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ സിപിഎം ഇനിയും തയാറായിട്ടില്ല. മുപ്പത്തിനാലു വർഷം ബംഗാൾ ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി കോണ്‍ഗ്രസുമായി അവിശുദ്ധബന്ധം പുലർത്തിപോന്നിരുന്നെന്നും കുമ്മനം ആരോപിച്ചു.