കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടനു പേരിടാൻ സോഷ്യൽ മീഡിയയ്ക്ക് നല്കിയ സമയപരിധി ഇന്ന് അവസാനിക്കേ വല്ലാത്തൊരു കെണിയിലാണ് കെഎംആർഎൽ. ഏറ്റവും കൂടുതൽ ലൈക്കും കമന്റും കിട്ടിയ ആദ്യത്തെ രണ്ടു പേരുകളിൽ ഏതെടുത്താലും പണിയാകും. കുമ്മനാന എന്ന പേരാണ് ഇപ്പോൾ ലൈക്ക് വാരി മുന്നേറിയിരിക്കുന്നത്. ലിജോ വർഗീസ് എന്ന യുവാവ് നിർദേശിച്ച പേരിന് തിങ്കളാഴ്ച രാവിലെ വരെ ലൈക്കുകളടക്കം 35,000 റിയാക്ഷനുകളും 3500 കമന്റുകളുമാണ് ലഭിച്ചത്. കൊച്ചി മെട്രോയുടെ ഒറിജിനൽ പോസ്റ്റിനു പോലും 12,000 ലൈക്ക് മാത്രം ലഭിച്ച സ്ഥാനത്താണ് കമന്റിന് ലൈക്കിന്റെ പെരുമഴ. രണ്ടാം സ്ഥാനത്തുള്ള കുമ്മൻ എന്ന പേരിനും നിരവധി ലൈക്കുകൾ ലഭിച്ചു. ചിലർ കണ്ണന്താന എന്ന പേരാണ് നിർദേശിച്ചത്. ഈ പേര് ആണെങ്കിൽ മെട്രോയ്ക്ക് പുള്ളിംഗ് കൂടുമെന്നാണ് ഇവരുടെ അഭിപ്രായം. ഫെയ്ക്ക് ഐഡികളുടെ രാജ്ഞിയായ അശ്വതി അച്ചു എന്ന പേരിനും ആയിരക്കണക്കിന് ലൈക്ക് കിട്ടി.
പണി പാളിയെന്നു മനസിലായ കെഎംആർഎൽ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് തടിയൂരുകയാണുണ്ടായത്. പഴയ പോസ്റ്റ് എഡിറ്റ് ചെയ്ത് കെആർഎൽ പുതിയ വ്യവസ്ഥ മുന്നോട്ടുവയ്ക്കുകയായിരുന്നു. “ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ വേദനിപ്പിക്കുന്നതോ ആയ മത്സര എൻട്രികൾ പ്രോത്സാഹിപ്പിക്കുന്നതല്ല. ഇവ തെരഞ്ഞെടുക്കുന്നതിനു പരിഗണിക്കുകയുമില്ല’ എന്നാണ് കെഎംആർഎൽ എഡിറ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഇതുകൊണ്ടൊന്നും സോഷ്യൽ മീഡിയ അടങ്ങിയില്ല. ആനയ്ക്കു കുമ്മനാന എന്ന പേര് തന്നെയിടണമെന്നും കെഎംആർഎൽ വാക്കു പാലിക്കണമെന്നും ആവശ്യമുന്നയിച്ചു കമന്റുകളുടെ പെരുമഴയാണ്. സപ്പോർട്ട് കുമ്മനാന എന്ന ഹാഷ്ടാഗിൽ ഫേസ്ബുക്കിൽ പ്രത്യേക കാമ്പയിനും തുടങ്ങിക്കഴിഞ്ഞു. കുമ്മനാന എന്ന ഈ പേര് ഇട്ടില്ലേൽ കൊച്ചിയിൽ കൂടി മെട്രോ ഓടാൻ സമ്മതിക്കില്ലെന്നും ട്രെയിനിന്റെ എല്ലാ ടയറിന്റെയും കാറ്റ് അഴിച്ചു വിടുമെന്നും വരെ കമന്റുകളിറങ്ങി. ട്രോൾ ഗ്രൂപ്പുകളും പേര് ആഘോഷമാക്കുകയാണ്. കുമ്മനാനയുടെ പേരിൽ കവിതകൾ വരെ ചില വിദ്വാന്മാർ പടച്ചുണ്ടാക്കിക്കഴിഞ്ഞു.
ആനക്കുട്ടനു പേര് നിർദേശിക്കാൻ പൊതുജനാഭിപ്രായം തേടി കഴിഞ്ഞ മാസം 30നാണ് കൊച്ചി മെട്രോ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ പരസ്യം പോസ്റ്റ് ചെയ്തത്. അപ്പു, തൊപ്പി, കുട്ടൻ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിനു ചേരില്ല. നല്ല കൂൾ ആയൊരു പേര്… ആർക്ക് വേണമെങ്കിലും പേര് നിർദേശിക്കാം എന്നായിരുന്നു പരസ്യവാചകം. പേര് ഏതു നിർദേശിച്ചാലും അന്തിമതീരുമാനമെടുക്കുന്നത് കൊച്ചി മെട്രോ തന്നെയായിരിക്കും. സോഷ്യൽ മീഡിയയ്ക്കൊപ്പം നില്ക്കുമോ അതോ വേറെ പേര് ഇടുമോ എന്ന് എന്തായാലും അടുത്ത ദിവസം അറിയാം.