കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടനു പേരിടാനുള്ള മത്സരത്തിൽ കുമ്മനാന എന്ന പേരു നിർദേശിക്കപ്പെടുകയും ഇതിനു കൂടുതൽ ലൈക്ക് കിട്ടുകയും ചെയ്തതിനെത്തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തലയൂരി. നിർദേശിക്കപ്പെടുന്ന, ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിനു തെരഞ്ഞെടുക്കുമെന്നായിരുന്നു കെഎംആർഎൽ വാഗ്ദാനം. എന്നാൽ, കുമ്മനാന എന്ന പേരിനു കൂടുതൽ ലൈക്ക് വന്നതിനു പിന്നാലെ പഴയ പോസ്റ്റ് എഡിറ്റ് ചെയ്ത് കെആർഎൽ പുതിയ വ്യവസ്ഥ മുന്നോട്ടുവയ്ക്കുകയായിരുന്നു.
പഴയ പോസ്റ്റിന് താഴെയായി “ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ വേദനിപ്പിക്കുന്നതോ ആയ മത്സര എൻട്രികൾ പ്രോത്സാഹിപ്പിക്കുന്നതല്ല. ഇവ തെരഞ്ഞെടുക്കുന്നതിനു പരിഗണിക്കുകയുമില്ല’ എന്നാണ് കെഎംആർഎൽ എഡിറ്റ് ചെയ്തിരിക്കുന്നത്.
ആനക്കുട്ടനു പേര് നിർദേശിക്കാൻ പൊതുജനാഭിപ്രായം തേടി കഴിഞ്ഞ മാസം 30നാണ് കൊച്ചി മെട്രോ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ പരസ്യം പോസ്റ്റ് ചെയ്തത്. അപ്പു, തൊപ്പി, കുട്ടൻ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിനു ചേരില്ല. നല്ല കൂൾ ആയൊരു പേര്… ആർക്ക് വേണമെങ്കിലും പേര് നിർദേശിക്കാം എന്നായിരുന്നു പരസ്യവാചകം.
എന്നാൽ, ലിജോ വർഗീസ് എന്നൊരാൾ കമന്റ് ചെയ്ത “കുമ്മനാന’ എന്ന പേര് ഞൊടിയിടയിൽ തരംഗമായി മാറുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ നാലായിരത്തിനു മുകളിൽ ആളുകളാണ് “കുമ്മനാന’യ്ക്കു ലൈക്ക് ചെയ്തത്. ഇതോടെ വെട്ടിലായ മെട്രോ അധികൃതർ അവസാനം അടവുനയവുമായി രംഗത്തിറങ്ങി, പോസ്റ്റ് എഡിറ്റ് ചെയ്തു.
അതേസമയം, ആനയ്ക്കു കുമ്മനാന എന്ന പേര് തന്നെയിടണമെന്നും കെഎംആർഎൽ വാക്കു പാലിക്കണമെന്നും ആവശ്യമുന്നയിച്ചു നിരവധിപ്പേർ പോസ്റ്റിനു കമന്റിട്ടിട്ടുണ്ട്.