കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ ‘സംപൂജ്യ’രാക്കിയ കീഴ്ഘടകങ്ങള്ക്കെതിരേ നേതൃത്വം പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്തിയില്ല.
തെരഞ്ഞെടുപ്പുഫണ്ടുമായി ബന്ധപ്പെട്ട ആരോപണം സംസ്ഥാന നേതാക്കളെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ തോല്‍വിയുമായി ബന്ധപ്പെട്ട ബൂത്തുതല അന്വേഷണം നടത്തുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.
തെരഞ്ഞെടുപ്പുഫലം വന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു വോട്ടുപോലും കിട്ടാത്ത ബൂത്തുകള്‍ പിരിച്ചുവിടാനോ കീഴ് ഘടകങ്ങളോട് വിശദീകരണം നേടാനോ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല.
പ്രവര്‍ത്തകരാകട്ടെ സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ചെലവിലേക്കായി കൊണ്ടുവന്ന ഫണ്ട് നേതാക്കള്‍ തന്നെ വീതം വച്ചെടുത്തെന്ന വികാരമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ വലിയൊരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും സംഘടിക്കുന്ന നിലയാണുള്ളത്.
ഈ സാഹചര്യത്തില്‍ എടുക്കുന്ന എതൊരു നടപടിയും ബൂമറാംഗാകുമെന്നാണ് വിലയിരുത്തല്‍.
മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലാണ് മുന്നണിക്ക് ഒരു വോട്ടുപോലും കിട്ടാത്തത്.
70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് ഓരോ വോട്ട് മാത്രമായിരുന്നു. ഇത് എങ്ങിനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി ജില്ലാതല പരിശോധനമാത്രമാണ് ഇതുവരെ നടന്നത്. അതാകട്ടെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളില്‍ അവസാനിക്കുകയും ചെയ്തു.
അതേസമയം നേമത്ത് മത്സരിച്ച കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കളാകട്ടെ സ്വന്തം തോല്‍വി പഠിക്കാനുള്ള ശ്രമം മാത്രമാണ് നടത്തിയത്.
പാര്‍ട്ടി അന്വേഷണം പ്രഖ്യാപനത്തില്‍ ഒതുങ്ങുമെന്നു കണ്ടതുകൊണ്ടുകൂടിയാണിത്. കോന്നിയിലും മഞ്ചേശ്വരത്തും അടിയറവുപറഞ്ഞ കെ.സുരേന്ദ്രന് ആകട്ടെ പതിവുപോലെ ഇരുമുന്നണികളും വോട്ട് മറിച്ചെന്ന തൊലിപ്പുറത്തെ ആരോപണം മാത്രമാണ് പ്രത്യക്ഷത്തില്‍ പറയുന്നത്.
പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ ഇ. ശ്രീധരന്, ശോഭാ സുരേന്ദ്രന്, കെ. കൃഷ്ണകുമാര്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ നേതാക്കളുടെ തോല്‍വിയും ഇപ്പോഴും പരിശോധനയ്ക്കു കീഴില്‍ വന്നിട്ടില്ല.
കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയില്‍ ദേശീയ നേതൃത്വം നേരത്തേ തന്നെ കടുത്ത നിരാശയിലായിരുന്നു.
പണവും നേതാക്കളെയും നിര്‍ലോഭം നല്‍കിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ വളരെ മോശപ്പെട്ട പ്രകടനമാണ് ഇത്തവണ നടത്തിയത്.
മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റുരാഷ്ട്രീയപാര്ട്ടികളില് നിന്നും നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള സാധ്യതയും ഇതുവഴി അടഞ്ഞെന്നു കേന്ദ്രം വിലയിരുത്തുന്നു.
ഇ. അനീഷ്