ഒരു രാജമല്ലി വിടരുന്ന പോലെ… എന്ന അനിയത്തിപ്രാവിലെ പാട്ട് അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ മലയാള സിനിമയിലെ സൂപ്പർ താരം ചാക്കോച്ചനെന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബൻ കേക്ക് മുറിച്ച് തന്റെ പ്രിയതമ പ്രിയയുടെ വായിൽ വച്ച് കൊടുത്തു.
‘ന്നാ താൻ കേസ് കൊട് ‘ എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന തൃക്കരിപ്പൂർ കയ്യൂരിലെ ലൊക്കേഷനിലാണ് അനിയത്തി പ്രാവിന്റെ രജത ജൂബിലി ആഘോഷം നടന്നത്.
ചെറുവത്തൂർ, കയ്യൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ തമിഴ് നടി ഗായത്രി ശങ്കറാണ് നായിക.
ജാഫർ ഇടുക്കി, സൈജു കുറുപ്പ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കയ്യൂരിൽ കോടതി സമുച്ചയത്തിലെ സീനുകളാണ് രണ്ടാഴ്ചയായി ചിത്രീകരിച്ചു വരുന്നത്.