ആശംസ അറിയിക്കുന്നത് ഇത്രയ്ക്ക് തെറ്റാണോ? നവദമ്പതികളായ ദിലീപിനും കാവ്യയ്ക്കും ആശംസകളര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന് കുഞ്ചാക്കോബോബന് ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല. ‘ദിലീപിനും കാവ്യയ്ക്കും മനോഹരമായ ഒരു ജീവിതം ആശംസിക്കുന്നു’ എന്ന ചാക്കോച്ചന്റെ പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ തെളിഞ്ഞപ്പോള്‍ത്തന്നെ വന്നുതുടങ്ങി ദിലീപിനെയും കാവ്യയെയും ഒപ്പം കുഞ്ചാക്കോ ബോബനെയും കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ചോക്കോച്ചന്റെ ആശംസാവാചകത്തിന് താഴെ ഇടംപിടിച്ചത്. ഇതില്‍ ബഹിഭൂരിപക്ഷവും മൂവരെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ളവയായിരുന്നു. മറ്റു ചിലതാകട്ടെ മഞ്ജു വാര്യരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ടുള്ളവയും.
താങ്കള്ക്കിതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായാണ് ചോക്കോച്ചന് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തനിക്ക് നേരെ ആക്രമണം നടത്തിയവരോട് ചാക്കോച്ചന് പ്രതികരിച്ചതിങ്ങനെ: ദിലീപിനും കാവ്യയ്ക്കും ആശംസകളര്‍പ്പിച്ച് ഞാന്‍ പോസ്റ്റ് ചെയ്ത മെസേജ് ചില ആളുകള്‍ തെറ്റിദ്ധരിക്കുയും വളച്ചൊടിക്കുകയും ചെയ്തതില്‍ വളരെയധികം സങ്കടമുണ്ട്. ദിലീപും കാവ്യയും മാത്രമല്ല മഞ്ജുവും എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. എനിക്ക് മാത്രമല്ല, എന്റെ വീട്ടില്‍ എല്ലാവര്ക്കും പ്രിയങ്കരരാണ് ഈ മൂന്നുപേരും. സിനിമയിലേക്കുള്ള തിരിച്ചുവരവ് മഞ്ജുവിന് വളരെ അത്യാവശ്യമായിരുന്നു.
ആ സമയത്ത് ഞാന്‍ എങ്ങനെ മഞ്ജുവിനെ സഹായിച്ചു എന്നുള്ളത് മഞ്ജുവിനറിയാം. എനിക്കത്രയും മതി. വേറെയാരെയും ബോധിപ്പിക്കാനില്ല. വെറുതേ വാചകമടിക്കാന്‍ എല്ലാവര്ക്കും കഴിയും. എന്നാല്‍ ഒരു കാര്യം പ്രവര്‍ത്തിപദത്തില്‍ കൊണ്ടുവരാന്‍ എത്രപേര്‍ക്ക് കഴിയും. ദിലീപും കാവ്യയുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് എനിക്കുള്ളത്. കാവ്യ എന്റെ നല്ലൊരു സുഹൃത്താണ്. ഇങ്ങനെയുള്ള ഇവര്‍ക്ക് ആശംസ അറിയിക്കുന്നതില്‍ എന്താണ് തെറ്റ്? അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇവരില്‍ ആരോടും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടില്ല, അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല. എല്ലാവര്ക്കും നല്ലതുവരട്ടെയെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. ചോക്കോച്ചന് പറഞ്ഞുനിര്‍ത്തുന്നു.