കുഞ്ചാക്കോബോബന്‍-ശാലിനി ജോഡികള്‍ തകര്‍ത്തഭിനയിച്ച അനിയത്തിപ്രാവ് മലയാളികള്‍ നെഞ്ചേറ്റിയ ചിത്രമാണ്.
1997 മാര്‍ച്ച് 26-നാണ് ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിറന്നതിനൊപ്പം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായ വാഹനമാണ് ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ എന്ന ബൈക്ക്.
ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെന്‍ഡര്‍ യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു.
സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ പഴയ ചുവന്ന സ്‌പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സംഭവം സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമായിരിക്കുകയാണ്.
ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ കൈവശമാണ് താരപരിവേഷമുള്ള ഈ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്.
നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം.
വാഹനം കണ്ടെത്തിയതിന് പിന്നാലെ ഷോറൂം ഉടമയായ കമാല്‍ എം. മാക്കിയിലുമായി സംസാരിച്ച് ബൈക്ക് ഇതുതന്നെയാണെന്ന് ഉറപ്പിച്ച ശേഷമാണ് കുഞ്ചാക്കോ ബോബന്‍ ഈ വാഹനം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
90-കളിലെ ബൈക്കുകളില്‍ വലിയ സ്വീകാര്യത നേടിയ ഹീറോ ഹോണ്ട സി.ഡി.100 എസ്.എസ്. എന്ന ബൈക്കിന്റെ പിന്മുറക്കാരനായാണ് സ്പ്ലെന്‍ഡര്‍ വിപണിയില്‍ എത്തുന്നത്.
1994-ല്‍ നിര്‍മാണം ആരംഭിച്ചാണ് ഈ ബൈക്ക് നിരത്തുകളില്‍ എത്തിയത്. 1980-കളില്‍ വിദേശ നിരത്തുകളില്‍ എത്തിയിരുന്ന ഹോണ്ട സി.ബി.250 ആര്‍.എസ്. എന്ന ബൈക്കിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ നിര്‍മാതാക്കള്‍ ഒരുക്കിയിരുന്നത്.
1994-ല്‍ പുറത്തിറക്കിയ ഈ ബൈക്ക് അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ കേരളത്തില്‍ വലിയ പ്രചാരം നേടിയിരുന്നു.
97.2 സി.സി. ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനായിരുന്നു സ്പ്ലെന്‍ഡറിന്റെ ഹൃദയം. ഇത് 7.44 ബി.എച്ച്.പി. പവറും 7.95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.
60 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയും സ്പ്ലെന്‍ഡര്‍ ഉറപ്പാക്കിയിരുന്നു. 2007-ലും 2011-ലും സാങ്കേതികമായും ഫീച്ചറുകളിലും പല മാറ്റങ്ങളും വരുത്തി സ്പ്ലെന്‍ഡര്‍ വിപണിയില്‍ എത്തിയിരുന്നു. 2011 ഹീറോയും ഹോണ്ടയും പിരിഞ്ഞതിന് ശേഷവും ഹീറോ ലേബലിലും ഈ ബൈക്ക് തുടരുന്നുണ്ട്.