കൊച്ചി: ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് ഒരു വർഷം തടവ്. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു(75) ശിക്ഷച്ചത്. മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
2018 ഒക്ടോബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ച് താരത്തിന് നേരെ കഠാര വീശി പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഷൂട്ടിംഗിന് കണ്ണൂരിലേക്ക് പോകുന്നതിനായി കുഞ്ചാക്കോ മാവേലി എക്സ്പ്രസ് കാത്തുനിൽക്കവേയായിരുന്നു വധശ്രമം.
കേസിൽ കുഞ്ചാക്കോ ഉൾപ്പെടെ എട്ടു സാക്ഷികളെ വിസ്തരിച്ചു. സിസിടിവി കാമറ ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.