കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ടേക്ക് ഓഫ്. ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന വാര്‍ത്തനേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും അതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. സിനിമ പുറത്തിറങ്ങി, മികച്ച അഭിപ്രായവുമായി മുന്നേറുമ്പോഴാണ് താന്‍ പ്രതിഫലം വാങ്ങാത്തതിന്റെ കാരണം കുഞ്ചാക്കോ ബോബന് വ്യക്തമാക്കുന്നത്.
കുഞ്ചാക്കോ ബോബന് ചോക്ലേറ്റ് ഹീറോയില്‍ നിന്നും വില്ലനിലേക്ക് മാറ്റം ലഭിച്ച സിനിമയായിരുന്നു ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രമേയവും അവതരണവും മലയാള സിനിമക്ക് പരിചിതമായിരുന്നില്ല. എങ്കില്‍പ്പോലും ചിത്രം വന്‍വിജയമായിരുന്നു.
രാജേഷ് പിള്ളയുടെ അടുത്ത ചിത്രത്തിലും സഹകരിക്കുമെന്ന് കുഞ്ചാക്കോ ബോബന് അന്നേ വാക്കു നല്‍കിയിരുന്നു. പുതിയ ചിത്രത്തിന്റെ കാര്യങ്ങള്‍ ഒരുക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് സംവിധായകന് ഈ ലോകത്തേടു വിട പറഞ്ഞത്. പിന്നീട് ഈ ചിത്രം അടുത്ത സുഹൃത്തുക്കള്‍ ഏറ്റെടുത്തതോടെയാണ് സംവിധായകന് മഹേഷ് നാരായണന് സംവിധായകനായി ഈ ചിത്രത്തിലേക്ക് എത്തിയത്.
ലാഭം പ്രതീക്ഷിച്ചല്ല താന്‍ ഈ സിനിമയുടെ ഭാഗമായതെന്നാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത് . സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം കൊണ്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. രാജേഷിന്റെ കുടുംബത്തെയും സഹായിക്കും. കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വീടു നഷ്ടപ്പെട്ട കുടുംബത്തിനാണ് ആദ്യം സഹായം നല്‍കിയത്.