ഒരുവിധം എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും, കുട്ടിക്കാലത്തെങ്കിലും, ആരെയെങ്കിലും കൊല്ലണമെന്ന് തോന്നിയിട്ടുണ്ടാവും. ശരിക്കും ഒരാളെ കൊല്ലണമെന്ന് മനസ്സില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു ഇന്ന് മലയാളികളെ ചിരിപ്പിച്ച് കൊന്നുകൊണ്ടിരിക്കുന്ന പിഷാരടിയ്ക്കും. അന്ന് പക്ഷേ ചിരിപ്പിച്ച് കൊല്ലണമെന്നായിരുന്നില്ല. മറിച്ച് ശരിക്കും തോക്കുപയോഗിച്ച് വെടിവച്ചുകൊല്ലണമെന്ന് തന്നെയായിരുന്നു. എപ്പോഴും തമാശ പറഞ്ഞു നടക്കുന്ന ഇയാള്ക്കാരെയാണ് കൊല്ലണമെന്ന് തോന്നുക എന്നല്ലേ. അത് വേറെയാരെയുമല്ല. കുഞ്ചാക്കോ ബോബന് എന്ന ചോക്കോച്ചനെയായിരുന്നു. 1997ല്‍, കൃത്യമായി പറഞ്ഞാല്‍ ഫാസിലിന്റെ അനിയത്തിപ്രാവില്‍ അരങ്ങേറ്റം കുറിച്ച് കുഞ്ചോക്കോ ഒരു സെന്‍സേഷനായി മാറിയ വര്‍ഷം. അന്ന് ആരെങ്കിലും കൈയിലൊരു തോക്ക് വച്ചുതന്നിട്ട് ആരെയെങ്കിലും വെടിവേച്ചോളാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം ചെന്ന് വെടിവെക്കുക കുഞ്ചാക്കോ ബോബനെയായിരിക്കും.
സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടയിലാണ് പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആ വൈരാഗ്യത്തിന്റെ കാര്യവും പിഷാരടി തന്നെ പറയുന്നുണ്ട്. അക്കാലത്ത് എന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു കുഞ്ചാക്കോ ബോബന്. അന്ന് എന്തൊരു ഉപദ്രവമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട്? പെണ്‍കുട്ടികള്‍ക്കെല്ലാം കുഞ്ചാക്കോയെ മതി. പത്താം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികള്‍ ഓട്ടോഗ്രാഫ് കൊണ്ടുവരുമല്ലോ. പെണ്‍കുട്ടികളുടെ ഓട്ടോഗ്രാഫിന്റെ അപ്പുറവും ഇപ്പുറവും കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ്. ഞാനൊന്നും അതില്‍ എഴുതിയില്ല. അസൂയ കൊണ്ട. സഹിക്കാന്‍ പറ്റില്ലായിരുന്നു. ഭയങ്കര ശല്ല്യമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട് അന്നൊക്കെ. പിന്നീട് പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ഇക്കാര്യം കുഞ്ചാക്കോ ബോബനോട് തന്നെ പറഞ്ഞിട്ടുണ്ട്-പിഷാരടി പറഞ്ഞു. രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടമാണ് കുഞ്ചാക്കോയും പിഷാരടിയും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
പിഷാരടിയുടെ ഈ വെളിപ്പെടുത്തലിനുശേഷം എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം എന്ന് പറഞ്ഞുകൊണ്ട് കുഞ്ചാക്കോ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. പിഷാരടിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഒരു ഇംഗ്ലീഷ് സൈറ്റില്‍ വന്ന വാര്‍ത്തയും ചേര്‍ത്തായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു..’എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. അത് കൂടുതല്‍ സന്തോഷം തരുന്നത്,ഒരുമിച്ചു അഭിനയിച്ച ‘രാമന്റെ ഏദന്‍തോട്ടം ‘ പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയും സ്നേഹവും ലഭിച്ചു തീയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്നതാണ്…..???? സന്തോഷം ,വര്‍മാജി എന്ന പിഷാരടി’.