കുണ്ടറ: ഇരുപത്തിരണ്ടുകാരിയായ യുവതി ഭർത്തൃഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയി കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ.
കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവും പവിത്രേശ്വരം ചെറുപൊയ്ക കുഴി വിളയിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെ യും മകൾ രേവതിയും തമ്മിലുള്ള വിവാഹം 2020 ഓഗസ്റ്റ് 30 നായിരുന്നു.
സൈജുവിനു ദുബായിൽ ആയിരുന്നു ജോലി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം സൈജു തിരികെപോയി.
രേവതി ഭർതൃഗൃഹത്തിൽ തന്നെയായിരുന്നു താമസം. ഭർത്തൃഗൃഹത്തിൽ രേവതിക്ക് നിരന്തരം മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി രേവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
നിർധന കുടുംബമായിരുന്നു രേവതിയുടെത്. സ്ത്രീധനം ഒന്നും തരേണ്ടെന്ന് പറഞ്ഞതനുസരിച്ച് വിവാഹം ഉറപ്പിച്ചു.
ഭർത്താവായ സൈജുവിനെ അപ്പപ്പോൾ വീട്ടിലെ അവഗണനയും ആക്ഷേപങ്ങളും സംബന്ധിച്ച് അറിയിച്ചിരുന്നതാണ്.
കോവിഡ് സാഹചര്യത്തിൽ നാട്ടിലേക്കുള്ള വരവും പോക്കും നിബന്ധനകൾക്ക് വിധേയമായേ നടക്കൂ എന്നതിനാൽ ഇനി എത്ര നാൾ ഈ മാനസിക പീഡനങ്ങൾ സഹിച്ച് കഴിയുമെന്ന ചിന്ത സ്വന്തം ജീവ ത്യാഗ ത്തിലേക്ക് രേവതിയെ നയിച്ചതാവാം.
29ന് രാവിലെ ഭർത്താവായ ഷൈജുവിനെ രേവതി മെസേജ് അയച്ചു. തന്റെ മരണവുമായി ബന്ധപ്പെട്ട് ആയിരുന്നു മെസേജ് എന്ന് കരുതുന്നു. തുടർന്ന് ഫോൺ ബെഡ്റൂമിൽ തന്നെ വച്ചു.
മെസേജ് കണ്ടയുടൻ ദുബായിൽ നിന്ന് സൈജു തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് രേവതിയുടെ അമ്മയെ വിളിച്ച് വിവരമറിയിച്ചു.
അമ്മ കല്ലടയിലെ സൈജുവിന്റെ വീട്ടിലെത്തി. എടി എമ്മിൽ പോയതാണെന്ന് മറുപടിയിൽ വിശ്വാസം തോന്നാതിരുന്ന അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.
ഇൻക്വസ്റ്റ്-പോസ്റ്റുമോർട്ടം നടപടികൾ ഇന്നലെ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരിച്ച രേവതിയുടെ ഭർത്താവ് സൈജു ഇന്ന് നാട്ടിലെത്തുന്നതനുസരിച്ച് സംസ്കാരം നടക്കും.
രേവതിയുടേതെന്ന് കരുതുന്ന കുറിപ്പുകളും മൊബൈൽ ഫോണും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.