തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥി ഖുശ്ബു തിളങ്ങുമോ അതോ ദ്രാവിഡ മണ്ണ് ഡിഎംകെ തിരിച്ചുപിടിക്കുമോ എന്നാണ് തമിഴ്മക്കളുടെ ആശങ്ക.
പ്രത്യയശാസ്ത്രപരമായ ചോദ്യമായതുകൊണ്ട് അതു ജനങ്ങൾ തീരുമാനിക്കട്ടെ. എന്തായാലും തൗസന്റ് ലൈറ്റ്സിലെ ഡിഎംകെ സ്ഥാനാർഥി ഡോ. എഴില്ലൻ നാഗനാഥനും നിസാരക്കാരനല്ല.
ഡിഎംകെ ഏറെ കടപ്പെട്ടിരിക്കുന്ന വ്യക്തി ഡോ.എം. നാഗനാഥന്റെ മകൻ. തമിഴ് മക്കൾക്ക് കളർ ടെലിവിഷൻ കൊടുക്കാമെന്ന ആശയം കരുണാനിധിക്കു പറഞ്ഞുകൊടുത്തത് സംസ്ഥാന പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷനായിരുന്ന നാഗനാഥനാണ്.
2006ൽ ഡിഎംകെയെ അധികാരത്തിലെത്തിച്ചത് ഈ പ്രചാരണവേലയാണ്. കൊളത്തൂരിലേക്ക് മണ്ഡലം മാറ്റുന്നതിനുമുന്പ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മൂന്നുതവണ പൊരുതിജയിച്ച മണ്ഡലമാണ് തൗസന്റ് ലൈറ്റ്സ്.
ഇത്തവണ ഡിഎംകെ എംഎൽഎ കു.കാ. സെൽവൻ ബിജെപിയിൽ ചേർന്നതിനാൽ ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
സ്ഥാനാർഥിയായി മത്സരിപ്പിക്കണമെന്ന സെൽവത്തിന്റെ ആവശ്യം തള്ളിയാണ് അൻപതുകാരിയായ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥിയാക്കിയത്.
ഡിഎംകെയിലും കോൺഗ്രസിലും പയറ്റി സീറ്റു കിട്ടാതെ വലഞ്ഞാണ് ഖുശ്ബു 2020 ഒക്ടോബറിൽ ബിജെപിയിലെത്തിയത്.
ഇതിനിടെ, ചെപ്പോക്കിൽ സീറ്റ് കിട്ടുമെന്നു പ്രതീക്ഷിച്ച് അവിടെ ഉദയനിധിക്കെതിരേ പ്രസ്താവനയിറക്കിയും പോസ്റ്റർ പതിപ്പിച്ചും ഖുശ്ബു കളം ഒരുക്കിത്തുടങ്ങിയിരുന്നു.
താൻ മതേതരമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന വ്യക്തിയാണെന്ന ആമുഖത്തോടെയാണ് ഖുശ്ബു തന്റെ പ്രസംഗം ആരംഭിക്കുന്നതുതന്നെ. 2019ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയത് ന്യൂനപക്ഷവോട്ടുകൾകൂടി കിട്ടിയതുകൊണ്ടാണ്.
ന്യൂനപക്ഷം ബിജെപിക്കൊപ്പമല്ലെന്നതു പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നു ഖുശ്ബു പറയുന്നു. 2,42,592 വോട്ടർമാരുള്ള മണ്ഡലത്തിൽ റോയപേട്ടയിലും ടെയ്നാംപേട്ടയിലുമുള്ള ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്.
നുങ്കന്പക്കം, കോടന്പാക്കം, ടെയ്നാംപേട്ട എന്നീ പ്രദേശങ്ങളിലെ വോട്ടുകളാണ് സ്ഥാനാർഥിയുടെ വിധി നിർണയിക്കുന്നത്.
മാലിന്യസംസ്കരണം, കുടിവെള്ളം, റോഡുകൾ, ട്രാഫിക് ജാം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഖുശ്ബുവിന്റെ പ്രചാരണം മുന്നേറുന്നത്.
സ്ത്രീകൾ ആരതി ഉഴിഞ്ഞും പൂക്കൾ വർഷിച്ചുമാണ് ഖുശ്ബുവിനെ വരവേൽക്കുന്നത്. കുട്ടികൾക്ക് പേരിടാനും എത്തുന്നവർ ഏറെ.
കരുണാനിധിയുടെ കുടുംബ ഡോക്ടറായിരുന്ന എഴില്ലന്റെ കന്നിയങ്കമാണ്. 41 കാരനായ എഴില്ലൻ ചെന്നൈ കാവേരി ആശുപത്രിയിലെ ഡയബറ്റോളജി വിഭാഗം ഫിസിഷനാണ്.
ശ്രീലങ്കയിലെ തമിഴ് മക്കളുടെ പ്രശ്നങ്ങളിലും കൂടംകുളം ആണവനിലയത്തിനെതിരേയുള്ള പ്രക്ഷോഭത്തിലും എഴില്ലൻ മുൻനിരയിലുണ്ടായിരുന്നു.
ചാനൽ ചർച്ചകളിൽ ഡിഎംകെയുടെ ക്ഷോഭിക്കുന്നു മുഖമായി എഴില്ലൻ മാറി. തന്റെ ആശുപത്രിയിൽ ദരിദ്രര്ക്ക് സൗജന്യ ചികിത്സ നല്കിയും ജനകീയനായി.
അടിസ്ഥാനസൗകര്യവികസനമാണ് ഇരുവരും മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകൾ. തൗസന്റ് ലൈറ്റ്സ് ചുവക്കുമോ കാവിസൂര്യൻ ഉദിക്കുമോ? കാത്തിരുന്നു കാണാം.