കൊച്ചി: ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വർധിച്ചതോടെ വാഹനയാത്രക്കാർ കുണ്ടന്നൂർ കടന്നു കിട്ടാൻ കാത്തുകിടക്കേണ്ടത് മണിക്കൂറുകൾ. മേൽപ്പാലം പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗതനിയന്ത്രണമാണ് കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. ഇതിനൊപ്പം കാലവർഷപ്പെയ്ത്തിൽ തകർന്ന റോഡുകളും ഇതുവഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
ദേശീയ പാതയിൽ കുണ്ടന്നൂരിന് പുറമേ വൈറ്റിലയിലും ഇതേ അവസ്ഥയാണ്. വൈറ്റിലയിൽനിന്ന് കുരുക്ക് ഒഴിവായി എന്ന ആശ്വാസത്തിൽ കുണ്ടന്നൂരിലെത്തുന്ന യാത്രക്കാർക്ക് മണിക്കൂറുകൾ നീണ്ട ക്യൂ’വിന് ശേഷമാണ് യാത്ര തുടരാനാകുന്നത്.
തരിപ്പണമായി സർവീസ് റോഡുകൾ
മഴയിൽ തകർന്ന റോഡുകളിൽ ദേശീയപാത അഥോറിറ്റി അറ്റകുറ്റപ്പണികൾ നടത്താതായതോടെ നിലവിലുണ്ടായിരുന്നതിനേക്കാൾ മോശം അവസ്ഥയിലാണ് പ്രദേശത്തെ സർവീസ് റോഡുകൾ. ഇരുചക്ര വാഹനങ്ങൾ പലതും കുഴിയിൽ വീണാൽ വലിച്ച് കയറ്റുകയാണ് പതിവ്. റോഡ് ഇത്തരത്തിൽ തകർന്നതോടെ ചെറു വാഹനങ്ങൾ ഭൂരിഭാഗവും ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയായിരുന്നു.
ഇതോടെ പ്രധാന പാതയിൽ തിരക്ക് വർധിച്ചു. രാവിലെയും വൈകുന്നേരങ്ങളിലും കുരുക്കിൽപ്പെടുന്ന വാഹനങ്ങളുടെ നിരയിൽ ആംബുലൻസുകളും കുടുങ്ങുന്നത് പതിവാണ്. അപകടങ്ങൾ നിത്യസംഭവമായതോടെ ഇരുചക്ര വാഹനങ്ങളും സർവീസ് റോഡിലൂടെയുള്ള യാത്ര മതിയാക്കി. പലർക്കും കൃത്യസമയത്ത് ജോലിക്കെത്താനാകാത്ത സ്ഥിതിയുമുണ്ട്.
കുരുക്കു മുറുക്കി യുടേണ്‍
മേൽപാലം നിർമാണം ആരംഭിച്ചതോടെ കുണ്ടന്നൂർ ജംഗഷനിലെ സിഗ്നൽ സംവിധാനം എടുത്ത് മാറ്റിയിരുന്നു. തേവര ഭാഗത്തുനിന്ന് എത്തി ആലുപ്പുഴ വഴി പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിച്ച് 200 മീറ്ററോളം സഞ്ചരിച്ചശേഷം ഇവിടെ ക്രമീകരിച്ചിട്ടുള്ള യു ടേണ്‍ സംവിധാനം വഴിയാണ് യാത്ര തുടരുന്നത്. എന്നാൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മാത്രം ക്രമീകരിച്ച യു ടേണ്‍ സംവിധാനം നിലവിലെ ഡിവൈഡർ പൊളിച്ച് യാത്രായോഗ്യമാക്കിയിട്ടുള്ളതാണ്.
ഇത്തരത്തിൽ ഡിവൈഡർ പൊളിച്ചതിനെത്തുടർന്നുണ്ടായിട്ടുള്ള വലിയ കുഴിയാണ് ബ്ലോക്കിന്റെ പ്രധാന കാരണം. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ തിരിയുന്പോൾ കുഴിയിൽ അകപ്പെടുകയും ഇതിൽ നിന്നു കയറുന്നതിന് സമയമെടുക്കുന്നതോടെ മറ്റ് വാഹനങ്ങൾ പിന്നാലെ എത്തിയുമാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ഈ സമയം വൈറ്റിലയിൽ നിന്നു വരുന്ന വാഹനങ്ങൾ യു ടേണ്‍ വഴി തിരിഞ്ഞ് പോകുന്ന വാഹനങ്ങൾ കടന്നുപോകുന്നതുവരെ കാത്ത് കിടക്കേണ്ട അവസ്ഥയാണ്.
കണ്ടെയ്നർ ലോറികൾ പോലുള്ള വലിയ വാഹനങ്ങൾ കടന്നുപോകാൻ കുറഞ്ഞത് രണ്ടു മിനിട്ടെങ്കിലും വേണ്ടിവരുമെന്ന് വാഹനയാത്രക്കാർ പറഞ്ഞു. ഈ പ്രദേശത്ത് സർവീസ് റോഡിലേക്ക് പ്രവേശനം ക്രമീകരിച്ചിട്ടുണ്ടെങ്കിലും കുഴികൾമൂലം വാഹനങ്ങൾ ഈ വഴി ഉപയോഗിക്കുന്നില്ല. ഇതും ബ്ലോക്ക് വർധിക്കാൻ കാരണമാണ്.
ദുരിതം കൂട്ടി പൊടിയും
തകർന്ന സർവീസ് റോഡുകളിലെ കുഴികൾ നികത്തുന്നതിന് ഇറക്കിയിട്ടുള്ള പൊടി കലർന്ന മെറ്റൽ കുണ്ടന്നൂരിൽ പൊടിശല്യം രൂക്ഷമാക്കുന്നു. ഇതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ ഒന്നും കാണാനാവത്ത രീതിയിലാണ് പൊടി അന്തരീക്ഷത്തിൽ ഉയരുന്നത്. മേൽപാലം നിർമാണത്തിന്റെ ഭാഗമായുള്ള പൈലിംഗ് നടക്കുന്നതിന്റെ 300 മീറ്റർ അകലെയാണ് പ്രദേശത്തെ ജലസംഭരണി സ്ഥിതി ചെയ്യുന്നത്.
ചെറിയ അനക്കംപോലും സമ്മർദത്തെ തുടർന്ന് പൈപ്പ്ലൈനുകൾ പൊട്ടുന്നതിന് കാരണമാകുന്നു. ഇതിന്റെ വാൽവ് അടയ്ക്കലും പൈപ്പ് ശരിയാക്കലുമായി നല്ല തുകയാണ് വേണ്ടിവരുന്നത്. പൈപ്പ്പൊട്ടലും ഇവിടെ നിത്യസംഭവമാണ്.
ഇതു മൂലവും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. മേൽപാലം പണി വേഗത്തിലാക്കുന്നതിനൊപ്പം തകർന്ന സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണിയും വേഗം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.