തൃപ്പൂണിത്തുറ: എറണാകുളത്ത് കുണ്ടന്നൂരും ഇരുന്പനത്തും വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. ഇരുമ്പനം ചിത്രപ്പുഴ പാലത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്.
ചോറ്റാനിക്കര ഇളന്തറ പുത്തൻപുരക്കൽ വീട്ടിൽ ജോർജ്കുട്ടിയുടെ മകൻ നിതിൽ (23) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ 7.45ഓടെയാണ് രണ്ടാമത്തെ അപകടം നടന്നത്. കോളജ് ബസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിലും ഒരു മണിക്കൂറോളം വലിയ ഗതാഗതക്കുരുക്കുണ്ടായി. പരുക്കേറ്റ കാർ യാത്രക്കാരനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് കാര്യമായ പരിക്കില്ല.
കുണ്ടന്നൂർ തേവര പാലത്തിൽ ടിപ്പർ ലോറി കാറിലും ബൈക്കിലുമിടിച്ചാണ് മൂന്നാമത്തെ അപകടം നടന്നത്. രാവിലെ 8.30ഓടെയായിരുന്നു അപകടം. കാർ യാത്രക്കാർക്ക് പരുക്കുണ്ട്. ലോറി ഇടിച്ചതിനിടയിൽ ബൈക്കിൽനിന്ന് ചാടിയിറങ്ങിയതിനാൽ ബൈക്ക് യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇതേ തുടർന്ന് കുണ്ടന്നൂർ തേവര പാലത്തിൽ രൂക്ഷമായ ഗതാഗത കുരുക്കനഭുവപ്പെട്ടു. തിങ്കളാഴ്ച ദിവസമായത് കൊണ്ട് തന്നെ റോഡിലുള്ള വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാൽ വാഹനങ്ങൾ അല്പം പോലും മുന്നോട്ടു നീങ്ങാൻ പറ്റാത്ത വിധത്തിൽ ഗതാഗത കുരുക്കിൽപ്പെട്ടു.