കുണ്ടറ: മന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിൽപ്പെട്ടതിന്റെ പേരിൽ നാല് പോലീസുകാർക്കെതിരെ നടപടിയെടുത്തവർ മന്ത്രിയുടെ മണ്ഡലത്തിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കിന് ഉത്തരവാദികളാരെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര പറഞ്ഞു.
കൊല്ലം-തിരുമംഗലം, കൊല്ലം-തേനി ദേശീയപാതകൾക്ക് സമാന്തരമായി കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട അടുത്തടുത്തുള്ള റെയിൽവേ ഗേറ്റുകൾ ഒരേ സമയം നിത്യേന മുപ്പതോളം തവണയാണ് അടയ്ക്കുന്നത്. ഇതുമൂലം രണ്ട് ദേശീയപാതകളിലും മണിക്കൂറുകളോളം ഗതാഗതകുരുക്ക് ഉണ്ടാകുന്നു.
14 ജില്ലകളിലായി 27 മേൽപ്പാലങ്ങൾ അനുവദിച്ചതിൽ കുണ്ടറ മണ്ഡലത്തിൽ ഒരെണ്ണം പോലുമില്ല. മന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിൽ അകപ്പെടുന്ന ദുരവസ്ഥയ്ക്ക് മന്ത്രി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.