കുണ്ടറ: എൻസിപി നേതാവ് പത്മാകരനെതിരേ യുവതി കുണ്ടറ പോലീസിൽ നൽകിയ പീഡന ശ്രമ കേസ് മാസങ്ങളോളം വച്ചു താമസിപ്പിച്ച കുണ്ടറ സിഐ ജയകൃഷ്ണനെ സ്ഥലംമാറ്റി. പകരം ചുമതല കോസ്റ്റൽ സിഐ മഞ്ജു ലാലിന് നൽകി.
പീഡനശ്രമം സംബന്ധിച്ച് പരാതി യുവതി കുണ്ടറ പോലീസ് സ്റ്റേഷനിൽ നൽകിയത് കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു. 30ന് പരാതിക്കാരിയെയും എൻസിപി കുണ്ടറ നിയോജകമണ്ഡലം ഭാരവാഹിയായ യുവതിയുടെ പിതാവിനെയും സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.
രാവിലെ സ്റ്റേഷനിലെത്തിയ ഇരുവരെയും സ്റ്റേഷനു പുറത്തു നിർത്തി 11. 30 കഴിഞ്ഞ് പറഞ്ഞു വിടുകയായിരുന്നുവെന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
അതിനിടെയാണ് യുവതിയുടെ പിതാവിനെ മന്ത്രി എ.കെ. ശശീന്ദ്രൻ സ്വന്തം ഫോണിൽ വിളിച്ച് കേസ് നല്ല രീതിയിൽ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ട സംഭവം വിവാദമായത്.
ജൂലൈ 20 വരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ യുവതിയുടെ പരാതി അവഗണിക്കുന്ന തരത്തിലായിരുന്നു പോലീസിന്റെ നിലപാട്.
യുവതി പരാതി നൽകി 22 ദിവസം കഴിഞ്ഞാണ് പോലീസ് യുവതിയുടെ മൊഴി എടുത്തതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും.
പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത കൃത്യനിർവഹണലംഘനമാണ് ഉണ്ടായതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിഐയുടെ സ്ഥലംമാറ്റം. യുവതി കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നൽകിയിട്ടുണ്ട്.