കുണ്ടറ: കുണ്ടറയിൽ ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുഞ്ഞുങ്ങളും അമ്മയുമാണ് മരിച്ചത്.
ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടത്.
മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡും (അജിത് -40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.
ഇവർ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ഇളയകുഞ്ഞ് ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല.
വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടുദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ചൊവാഴ്ച രാവിലെ ഭാര്യാ വീട്ടിലെത്തിയ എഡ്വേർഡ് വർഷയെ നിർബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.