കുണ്ടറ: കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു. ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ നവീകരിക്കാത്തതും അടിസ്ഥാന സൗകര്യങ്ങൾ പോലും പാടേ നിഷേധിക്കുന്നതും ഈ സ്റ്റേഷൻ നിർത്തലാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്. മുളവന, പുത്തൂർ, കൈതക്കോട്, നെടുമണ്‍കാവ്, നല്ലില തുടങ്ങിയ സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഈ സ്റ്റേഷനെ ആശ്രയിച്ച് നിത്യേന യാത്ര ചെയ്യുന്നത്.
പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. പ്ലാറ്റുഫോമിന്റെ നീളക്കുറവ് മൂലം ഇവിടെ നിർത്തുന്ന ട്രെയിനുകളുടെ മുന്നിലും പിന്നിലുമുള്ള ബോഗികളിൽ കയറാനും ഇറങ്ങാനും യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വയോജനങ്ങളും അംഗപരിമിതരുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ മഴയിൽ നനഞ്ഞുവേണം കയറാനും ഇറങ്ങാനും.
യാത്രക്കാർക്ക് ഇരിക്കാൻ ഒരു ബഞ്ചുപോലും ഇവിടെയില്ല. പ്രാഥമിക ആവശ്യ നിർവഹണത്തിനുള്ള സൗകര്യവുമില്ല. ടിക്കറ്റ് കൗണ്ടറിൽ കംപ്യൂട്ടർ സംവിധാനമില്ല. സ്റ്റേഷൻ പരിസരം മുഴുവൻ കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിത്തീർന്നിരിക്കുന്നു. ഈ അവഗണന അവസാനിപ്പിക്കണമെന്നും ഇവിടെ അടിസ്ഥാന സൗകര്യവികസനം ഉടൻ യാഥാർഥ്യമാക്കണമെന്നും പൗരവേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രഫ. ഡോ.വെള്ളിമണ്‍ നെൽസന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.വി.മാത്യു, വി.ഫിലിപ്പോസ് പണിക്കർ, മണി ചീരങ്കാവിൽ, ഇ.ശശിധരൻ പിള്ള, എം.മണി, ഡോ.എസ്.ശിവദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു.