കുണ്ടറ: കിണറ്റിനുള്ളിലുണ്ടായ ദുരന്തം നാട്ടുകാർ അറിഞ്ഞത് കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട്.
ആദ്യ ആൾ കിണറ്റിനുള്ളിൽ വെള്ളം കണ്ടെത്തിയ വിവരം ഉറക്കെ വിളിച്ചു പറഞ്ഞതു കേൾക്കുകയും എന്നാൽ പിന്നീട് അയാളുടെ ശബ്ദം വെളിയിലേക്ക് വരാതിരുന്നതും മൂലമാണു മറ്റു രണ്ടുപേർ കിണറ്റിലേക്കിറങ്ങിയത്.
ഈ സമയം സ്ഥലത്തില്ലാതിരുന്ന രാജൻ നിലവിളി കേട്ടാണു കിണറ്റിലേക്കിറങ്ങിയതെന്നു നാട്ടുകാർ പറയുന്നു. അവരും കിണറ്റിൽ നിന്നുയർന്ന നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഉടൻ ഫയർഫോഴ്സിനെയും പോലീസിനേയും വിവരം അറിയിച്ചു.
ഒരാൾക്ക് കഷ്ടിച്ച് മാത്രം നിൽക്കാൻ കഴിയുന്ന കിണറ്റിനുള്ളിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം ഫയർഫോഴ്സിന് ഏറെ ദുസഹമായിരുന്നു.
ആറുപേർ പലതവണയായി ഇറങ്ങിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇതിനിടയിൽ ഓക്സിജൻ മാസ്ക് മുഖത്തു നിന്നു മാറിയതിനെ തുടർന്നാണ് ഫയർമാൻ വർണീനാഥിന് ശ്വാസ തടസം നേരിട്ടത്.
കുണ്ടറ,കൊല്ലം ഫയർഫോഴ്സ്, ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ, കുണ്ടറ സിഐ ജയകൃഷ്ണൻ എന്നിവരുടെ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി.
അപകടത്തിന് കാരണം ഇനിയും അറിവായിട്ടില്ല. വിഷവാതകമാണോ, ഓക്സിജൻ നഷ്ടപ്പെട്ടതാണോ തുടങ്ങിയ അന്വേഷണത്തിലാണ് പോലീസ്.
ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ, മന്ത്രി ചിഞ്ചുറാണി, പി.സി. വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.