കുണ്ടറ : മെട്രോ റെയിൽ, വിഴിഞ്ഞം തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചിൻ സ്മാർട്ട് സിറ്റി എന്നിവപോലെ സംസ്ഥാന സർക്കാർ സ്പെഷൽ പ്രോജക്ടിൽ ഉൾപ്പെടുത്തി കുണ്ടറയിലെ മേൽപ്പാല നിർമാണം ത്വരിതപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
കുണ്ടറയിൽ മേൽപ്പാലങ്ങൾ നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കുണ്ടറ പൗരവേദിയുടെ നേതൃത്വത്തിൽ കുണ്ടറ മുക്കടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരള സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡീറ്റയിൽഡ് അലൈൻമെന്റ് ഡ്രോയിംഗെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചു അംഗീകാരം വാങ്ങിയാൽ മാത്രമേ മേൽപ്പാലം യാഥാർഥ്യമാവുകയുള്ളൂ എന്നും സുരക്ഷിതത്ത്വത്തിന് ഗേറ്റുകൾ ഒഴിവാക്കുക എന്ന നയമാണ് റെയിൽവേക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനലൂർ-ചെങ്കോട്ട പാതകൾ കമ്മീഷൻ ചെയ്യുന്നതോടെ കൂടുതൽ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ആരംഭിക്കും. ഭാവിയിൽ ഇതുവഴി വരുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകൾക്കും കുണ്ടറയിൽ സ്റ്റോപ്പുണ്ടാകുമെന്നു ഓർഡർ അതിന് ലഭിച്ചിട്ടുണ്ടെന്ന് എന്നും എംപി അറിയിച്ചു.
കുണ്ടറയിൽ നിത്യവും 16 പ്രാവശ്യമാണ് ലൈവൽ ക്രോസുകൾ അടച്ചിടുന്നത്. കൊല്ലം, ചെങ്കോട്ട, ബ്രോഡ്ഗേജ്പാത യാഥാർഥ്യമാകുന്നതോടെ പുതുതായി രണ്ടു ട്രെയിൻ കൂടി ഉടൻ ഇതുവഴി സർവ്വീസ് ആരംഭിക്കുന്നു. തൂത്തുക്കുടിയിൽ നിന്ന് കൊല്ലത്തേക്കുള്ള ചരക്ക് ഗതാഗതം കൂടി ആരംഭിക്കുന്നതോടെ കുണ്ടറയിലെ ഏഴ് ലെവൽ ക്രോസുകളും മിക്കപ്പോഴും അടഞ്ഞു തന്നെ കിടക്കും. ഒരു ട്രെയിനിന്റെ നീളം പോലുംമില്ലാത്തിടത്താണ് ഇളന്പള്ളൂരിലും മുക്കടയിലും രണ്ട് ലെവൽ ക്രോസുള്ളത്.
കൊല്ലം-തേനി, കൊല്ലം-ചെങ്കോട്ട എന്നീ ദേശീയ പാതകൾ സംഗമിക്കുന്നിടമാണ് ഇളന്പള്ളൂർ. അസഹനീയ ഗതാഗതക്കുരുക്കുരുക്കാണ് ഇപ്പോൾത്തന്നെ ഇവിടെ അനുഭവപ്പെടുന്നത്. ഇനിയും കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്പോൾ സ്ഥിതി ഏറെ വഷളാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യരക്ഷാധികാരിയായി നൂറ്റി ഒന്നു പേരടങ്ങുന്ന ഒരു പ്രവർത്തക സമിതി രൂപീകരക്കാനും ഇളന്പള്ളൂരിലും കുണ്ടറ പള്ളിമുക്കിലും മേലപ്പാലങ്ങൾ യാഥാർഥ്യമാകുന്നതുവരെ സന്ധിയില്ലാസമരം നടത്താനും തീരുമാനിച്ചതായി കുണ്ടറ പൗരവേദി അറിയിച്ചു.
പ്രസിഡന്റ് ഡോ.വെള്ളിമണ് നെൽസന്റെ അധ്യക്ഷത വഹിച്ചു. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാൻസി യേശുദാസൻ, പൗരവേദി സെക്രട്ടറി, കെ.വി.മാത്യു, കുന്പള സോളമൻ, വി.അബ്ദുൾ ഖാദർ, പി.വി.ജോണ്, മണി ചീരങ്കാവിൽ, ഇ.ശശിധരൻപിള്ള, എം.മണി. ആനന്ദബാബു, വിജയൻ പേരൂർ, നീലേശ്വരം സാദശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.