കൊല്ലം: കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തു വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോ. കെ വത്സലയാണ് ഇത്തരത്തിൽ മൊഴി നൽകിയത്. മരിക്കുന്നതിന് 3 ദിവസം മുന്‍പുവരെ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും മൊഴിയിൽ പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ 52 മുറിവുകളുണ്ടെന്നും ലൈംഗീക പീഡനം നടന്നിട്ടുണ്ടെന്നും വ്യക്തമായി പറയുന്നുണ്ട്. പ്രകൃതിവിരുദ്ധപീഡനത്തിന് കുട്ടിയെ ഇരയാക്കിയതിന്റെ ലക്ഷണങ്ങളും സ്വകാര്യഭാഗങ്ങളിലെ മുറിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ജനുവരി 15നാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ ജനൽകന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി അമ്മ അടക്കം ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടർന്ന് കുണ്ടറ സിഐ ഷാബുവിനെ സസ്പെൻഡ് ചെയ്തു പകരം കൊല്ലം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.