കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. ശശീന്ദ്രനെ മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയാണ്.
പൂർണമായും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗവർണർക്ക് പരാതി നൽകുന്നത്. അതേസമയം എൻസിപി നേതാവ് പദ്മാകരൻ തന്റെ കൈയിൽ കടന്നുപിടിച്ചുവെന്ന പരാതിയിൽ യുവതി ഉറച്ചുനിൽക്കുകയാണ്.
പോലീസിന് നൽകിയ മൊഴിയിലും യുവതി ഇക്കാര്യം അവർത്തിച്ചു പറഞ്ഞു. എങ്ങനെയെങ്കിലും ഈ കേസ് ഒത്തുതീർപ്പാക്കണമെന്നാണ് ശശീന്ദ്രൻ തന്റെ പിതാവിനെ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.
ഇന്നലെ പോലീസ് യുവതിയുടെ മൊഴി ശേഖരിച്ചിരുന്നു. യുവതി നേരത്തെ നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴികളിലും വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് യുവതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കടയിലെ സിസി ടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. ഇന്നലെ പദ്മാകരന്റെ കടയിലെത്തി ജീവനക്കാരുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഇന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.