കടുത്തുരുത്തി: നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കുഴി മാന്തി പുറത്തെടുത്ത മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം സ്വാഭാവികമല്ലെങ്കിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ച മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മരണം ഇന്നലെയായിരുന്നു,
ആശുപത്രിയിലെത്തിച്ചത് മൃതദേഹമാണെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയ ബന്ധുക്കൾ ഏതാനും മണിക്കൂറുകൾക്കു ശേഷം പുരയിടത്തിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഴി മാന്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് ഇരവിമംഗലത്താണ് സംഭവം. മൂന്ന് ദിവസം മാത്രം പ്രായമായ ആണ്കുഞ്ഞാണ് മരിച്ചത്.
കോതനല്ലൂർ സ്വദേശിയുടെ ഭാര്യയായ 41 കാരി 18 ന് പുലർച്ചെയാണ് സമീപത്തെ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ രാവിലെ 7.45 ഓടെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതോടെ യുവതിയുടെ 16 കാരിയായ മകളും യുവതിയുടെ 36 കാരനായ സഹേദരനും ബൈക്കിൽ മണ്ണാറപ്പാറയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ കുഞ്ഞ് നേരത്തെ തന്നെ മരിച്ചതായി ഇരുവരെയും അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ സംഭവത്തിൽ അസ്വാഭാവികത ഉണ്ടായിട്ടും കുഞ്ഞിന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കളോ, മരണം സ്ഥിരീകരിച്ച ഡോക്ടറോ തയാറായില്ലെന്ന് പോലീസ് പറയുന്നു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം വീട്ടുകാർ ആലോചിച്ചു അടുത്ത ബന്ധുക്കളെ മാത്രം വിവരം അറിയിച്ചു പുരയിടത്തിൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മരിച്ച കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ യുവതി ഭർത്തൃവീട്ടിൽ വച്ചു കിണറ്റിൽ ചാടിയിരുന്നതായും തുടർന്ന് ഫയർഫോഴ്സെത്തിയാണ് ഇവരെ രക്ഷപെടുത്തിയതെന്നും പോലീസ് പറഞ്ഞു.
കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞതായും പോലീസ് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.പി. തോംസണ് പാലാ ആർഡിഒയ്ക്ക് കത്ത് നൽകുകയും ഇദ്ദേഹത്തിന്റെ നിർദേശമനുസരിച്ചു വൈക്കം തഹസിൽദാർ ആർ.രാമചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ എസ്എച്ച്ഒ തോംസണ്, എസ്ഐ കെ.കെ. ഷംസു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പഞ്ചായത്തംഗങ്ങളും നാട്ടുകാരുടെ ഉൾപെടെ നിരവധിയാളുകൾ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണവിവരം പോലീസിനെ അറിയിക്കാൻ തയാറാകാത്ത ഡോക്ടറുടെ നടപടിയെ കുറിച്ചും അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ കെ.പി. തോംസണ് അറിയിച്ചു.