എം.വി.അബ്ദുൾ റൗഫ്
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ആദ്യ നാളുകളിൽ മികച്ച രീതിയിൽ അന്വേഷണം നടന്നിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്. ഇരിക്കൂർ എസ്ഐ കെ.വി. മഹേഷിന്റെ നേതൃത്വത്തിലാണ് ആദ്യം കേസന്വേഷണം നടത്തിയിരുന്നതെങ്കിലും നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ അന്വേഷണം മട്ടന്നൂർ സിഐ ഷജു ജോസഫ് ഏറ്റെടുത്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡിനെയും ഉൾപ്പെടുത്തി സംഘം വിപുലീകരിച്ചു.
ഗുജറാത്ത് സൂററ്റ് സ്വദേശികളായ ഫരീദ (50), മക്കളായ ആയിഷ (24), ഇമ്രാൻ (22) എന്നിവരാണ് പ്രതികൾ. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി സംസാരിക്കാൻ കഴിവുള്ളവരാണ് പ്രതികൾ. പ്രതികളെത്തേടി എട്ട് സംസ്ഥാനങ്ങളിൽ അന്വേഷണ സംഘം ഇതിനോടകം എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാളം, ഗുജറാത്തി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രതികൾക്കായി കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മകൻ തിരിച്ചെത്തിയപ്പോൾ കണ്ടത് ഉമ്മയുടെ മൃതദേഹം
2016 ഏപ്രിൽ 30നാണ് കവർച്ചക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകുന്നേരം 6.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് തുറന്നിട്ട നിലയിലായിരുന്നു. വീട്ടിലും പരിസരങ്ങളിലും തെരഞ്ഞെങ്കിലും കുഞ്ഞാമിനയെ കണ്ടെത്താൻ കഴിഞ്ഞില്ല. വർത്തമാനം പറയുന്നതിനായി കുഞ്ഞാമിന ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ സാധാരണ പോകാറുണ്ടായിരുന്നു. ഇതേത്തുടർന്ന് ഉമ്മർ ഇവിടെ എത്തിയെങ്കിലും ക്വാർട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മൂവർ സംഘത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സമീപവാസികളുടെ സഹായത്തോടെ ക്വാർട്ടേഴ്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞാമിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ച് കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
അന്വേഷണം വാടകക്കാരെ കേന്ദ്രീകരിച്ച്
ക്വാർട്ടേഴ്സിൽ ഒരു മാസം മുമ്പ് വാടകക്ക് താമസിക്കാനെത്തിയ ഗുജറാത്ത് സ്വദേശികളായ മൂവർ സംഘം സംഭവദിവസം രാവിലെ 9.30 ഓടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. രാവിലെ എട്ടിനും 9.30 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. വായിൽ തുണി തിരുകിയത് കാരണം നിലവിളിക്കാൻ പോലുമാകാതെ മണിക്കൂറുകളോളം രക്തം വാർന്നായിരുന്നു കുഞ്ഞാമിനയുടെ മരണം.
മുസ് ലിം വേഷധാരികളായി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തിലെ യുവാവ് ഇല്യാസ് എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു ഇവിടെ നൽകിയതെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തി. കുഞ്ഞാമിന കൊല്ലപ്പെട്ട ദിവസം ഇവർ സ്ഥലത്ത് നിന്ന് അപ്രത്യക്ഷമായതോടെ ഇവർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. പോലീസ് നായ മണം പിടിച്ച് ക്വാർട്ടേഴ്സിന് പിറകിലൂടെ 100 മീറ്റർ ഓടി നിന്നതല്ലാതെ കാര്യമായ തുമ്പൊന്നും ആദ്യ ഘട്ടത്തിൽ പോലീസിന് ലഭിച്ചില്ല. കൊല നടന്ന ദിവസം ഇരിക്കൂറിൽ നിന്ന് ഓട്ടോറിക്ഷയിൽ രാവിലെ 10.45 ഓടെ മട്ടന്നൂരിലെത്തിയ മൂവർ സംഘം ഇതുവഴി രക്ഷപ്പെടുകയായിരുന്നു. ഇവർ ഇവിടെ പ്രകാശ് ജംഗ്ഷനിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
കൊലയാളികൾ പോയത് മഹാരാഷ്ട്രയിലേക്ക്
കൊലപാതകത്തിന് ശേഷം സംഘം മഹാരാഷ്്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മെയ് അഞ്ച് മുതൽ 15 വരെ ഇവിടെ റായ്ഗുഡിലെ ഹോട്ടലിൽ തമസിച്ചിരുന്ന സംഘം തുടർന്ന് ഗുജറാത്തിലെ സൂററ്റിലുമെത്തി. ബംഗളുരു സ്വദേശിയായ കൗൺസിലറിൽ നിന്ന് തുണികൾ ഇറക്കിത്തരാമെന്ന് പറഞ്ഞ് ഇവിടേക്ക് വിളിച്ച് വരുത്തി 60,000 രൂപയും സംഘം ഇതിനിടെ തട്ടിയിരുന്നു. ഇവിടുന്ന് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം 21 മുതൽ വീണ്ടും റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ഇവർ എങ്ങോട്ട് പോയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മെയ് 24 വരെ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നതെങ്കിലും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരുടെ മൊബൈലിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തിയ ബംഗളുരു സ്വദേശിയായ ശ്രീനിവാസനെത്തേടി അന്വേഷണ സംഘം ഇവിടെയുമെത്തിയിരുന്നെങ്കിലും ഇയാളെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ ബംഗളുരുവിലെ ഖലാസി പാളയത്തുള്ള ലോഡ്ജിൽ മൂന്ന് തവണയായി 15 ദിവസത്തോളം താമസിച്ചിരുന്നു. ആര്യ എന്ന പേരിലാണ് ഇവിടെ മുറിയെടുത്തിരുന്നത്. ഈ സമയത്ത് ലോഡ്ജിൽ ജോലി ചെയ്തിരുന്ന ശ്രീനിവാസൻ സംഘവുമായി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് ആന്ധ്രാ അതിർത്തിയിലുള്ള ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം അയൽവാസിയുടെ പണം തട്ടി കടന്ന് കളയുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘം ഉപയോഗിച്ചിരുന്ന സിം കാർഡിലെ മേൽവിലാസം കർണാടക ഗുണ്ടൽപേട്ട് സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവർ ഇവിടെ വാടകക്ക് താമസിച്ചപ്പോൾ അയൽവാസിയായ യുവതിക്ക് മാക്സി വിൽപ്പന നടത്തി സിം കാർഡ് കൈവശപ്പെടുത്തുകയായിരുവെന്ന് വ്യക്തമായി. ഗുജറാത്തിലെ പോർബന്തർ സ്വദേശികളാണെന്നാണ് ഇവർ ഇവിടെ പറഞ്ഞിരുന്നത്. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണെന്നും സഹായിക്കണമെന്നും പറഞ്ഞ് ഗുജറാത്തിലെ തദ്ദേശസ്ഥാപനം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടർന്ന് ഇവിടുത്തെ മസ്ജിദിൽ നിന്ന് ഇവർക്ക് പണവും സ്വരൂപിച്ച് നൽകിയിരുന്നു.
പ്രതികൾ നടത്തിയത് നൂറോളം കവർച്ചകൾ
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നൂറോളം കവർച്ചാ കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കേരള പോലീസ് കണ്ടെത്തി. 2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ അയൽവാസിയായ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു.
ഇവിടെ ഡോ. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെ ഓംഗോൾ പോലീസ് ഇവിടെയെത്തി മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 ദിവസം ഇവിടെ ജയിലിലായിരുന്നു പ്രതികൾ. സംഘത്തിലെ ഫരീദ അപസ്മാരം അഭിനയിച്ച് മൂന്ന് തവണ ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് സഹപ്രവർത്തകരിൽ നിന്നായി 10000 രൂപ ശേഖരിച്ച് ഇവർക്ക് നൽകുകയും ഗുണ്ടൂർ സ്വദേശിയായ ബാലകൃഷ്ണറാവു എന്ന വക്കീലിനെ ഏർപ്പാടാക്കുകയും ചെയ്തു. നാലായിരം രൂപ വീതം കൈപ്പറ്റി ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഗുണ്ടൂർ സ്വദേശികളായ ശ്രീലക്ഷ്മി, നളിനി എന്നീ രണ്ട് യുവതികളാണ് ഇവരെ ജാമ്യത്തിലെടുത്തത്.
പണത്തിന് വേണ്ടി മാത്രമാണ് തങ്ങൾ ജാമ്യം നിന്നതെന്നും പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്കറിയില്ലെന്നുമാണ് ഇവർ കേരള പോലീസിനോട് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇതിന് ശേഷം ഇവിടുന്ന് മുങ്ങിയ പ്രതികൾക്കെതിരെ ഓംഗോൾ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയും സംഘം വ്യാജ പേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. ഇവിടുന്ന് വെല്ലൂരിലെത്തിയ സംഘം ഇവിടെ ലോഡ്ജിൽ ഹൈദരാബാദ് മേൽവിലാസമുള്ള വ്യാജ പാൻ കാർഡാണ് നൽകിയിരുന്നത്. വിശാഖപട്ടണം ജിജി കോളജിലെ ഒരു അധ്യാപികയുടെ തിരിച്ചറിയൽ കാർഡ് തട്ടിയെടുത്താണ് സംഘം പാൻ കാർഡ് ഉണ്ടാക്കിയത്.
ഇവിടെ ഹനുമൺ റാവുവിന്റെ ഉടമസ്ഥതയിലുള്ള രഘു ടവേഴ്സിൽ സംഘം ആറ് മാസത്തോളം താമസിച്ചിരുന്നു. ഇവിടെ വ്യാപക തട്ടിപ്പുകൾ നടത്തിയ ശേഷം മുങ്ങുകയായിരുന്നു. വെല്ലൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും രണ്ട് വർഷത്തോളമായി അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി. ഇതിന് ശേഷം 2016 വരെയുള്ള ഇവരുടെ ജീവിതത്തെക്കുറിച്ചും താമസത്തെക്കുറിച്ചും യാതൊരു വിവരും പോലീസിന് ലഭ്യമായിട്ടില്ല.
കേരളത്തിലും തട്ടിപ്പ്
2016 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഷൊർണ്ണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു. പ്രതികളിലൊരാളായ ഫരീദ തന്റെ ഭർത്താവ് വിദേശത്താണെന്നും അവിടെ തുണി വ്യവസായമാണെന്നും ചെറിയ വിലയ്ക്ക് കമ്പിളി ഇറക്കിത്തരാമെന്നും പറഞ്ഞ് ഷൊർണൂർ സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപയാണ് തട്ടിയത്.
65 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വില മതിക്കുന്ന തങ്ങളുടെ രണ്ട് വീടുകൾ വിൽപ്പന നടത്താനുണ്ടെന്ന് പറഞ്ഞ് മാനന്തവാടി സ്വദേശി അഷ്റഫിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപയും തട്ടി. ചെറിയ വിലയ്ക്ക് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 65000 രൂപയും കവർന്നു. ചാവക്കാട് സ്വദേശി ഇല്യാസിൽ നിന്ന് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് 55000 രൂപയാണ് തട്ടിയത്. ഇയാളുടെ ബാങ്ക് പാസ് ബുക്കുമായി കടന്ന സംഘം ഇതിൽ കൃത്രിമം നടത്തിയാണ് ഉത്തരാഖണ്ഡിൽ ഹോട്ടലിൽ മുറിയെടുക്കാൻഉപയോഗിച്ചത്. ഇതിൽ ഷൊർണൂർ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നെങ്കിലും സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല.
ഇരിക്കൂറിലെ കൊലപാതകത്തിന് മുമ്പ് ഒരാഴ്ചയോളം മൈസൂരിലെ ഹോട്ടലിൽ സംഘം താമസിച്ചിരുന്നു. ആര്യ കുമാർ, കോയമ്പത്തൂർ എന്ന വിലാസമാണ് ഇവിടെ നൽകിയിരുന്നത്. ഇരിക്കൂറിലും ഗുണ്ടൽപേട്ടിലും മുസ് ലിം വേഷത്തിലെത്തിയിരുന്ന സംഘം ബംഗളുരു, മൈസൂർ, വെല്ലൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം ഹൈന്ദവ വേഷധാരികളായാണ് താമസിച്ചിരുന്നത്. മൈസൂരിൽ നിന്നാണ് ചെങ്കോട്ട, പുനലൂർ, കായംകുളം വഴി സംഘം ഇരിക്കൂറിലെത്തിയത്.
നേരറിയാൻ സിബിഐ വേണം
കുഞ്ഞാമിന കൊല്ലപ്പെട്ട് ഒരു വർഷത്തോളമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗിന്റെ നേതൃത്വത്തിലും സമരപരിപാടികൾ നടത്തുന്നുണ്ട്.