മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പരോഗമിക്കവേ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെ ഇന്നലെ വിസ്തരിച്ചു. കൊല്ലപ്പെട്ട കൊളക്കാടൻ അബ്ദുൾ കലാം ആസാദ്, സഹോദരൻ അബുബക്കർ എന്ന ബാപ്പുട്ടി എന്നിവരുടെ മൃതദേഹങ്ങളിൽ 47 വെട്ടുകൾ ഏറ്റതായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. സുജിത്ത് ശ്രീനിവാസൻ കോടതി മുന്പാകെ മൊഴി നൽകി. അബൂബക്കറിന്റെ മൃതദേഹത്തിലാണ് ആഴത്തിലുള്ള മുറിവുകൾ കുടുതൽ. തലയ്ക്കും കൈകൾക്കുമാണ് മാരക പരിക്ക്.
മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള 20 മുറിവാണുള്ളത്. തലയോട് തകർന്ന് തലച്ചോർ ചിതറിയിട്ടുണ്ട്. എല്ലുകൾ പലയിടങ്ങളിലും കഷണങ്ങളായി. ദേഹമാസകലം പരിക്കുണ്ട്. വലതു കൈയിലെ മൂന്നു വിരലുകളും അറ്റു പോയിരുന്നു. വെട്ടുന്നതിനിടെ തലയോട്ടിയിൽ കുരുങ്ങിയ കൊടുവാൾ ആശുപത്രിയിൽ നിന്നാണ് പുറത്തെടുത്തത്. ഈ ആയുധം ഡോക്ടർ തിരിച്ചറിഞ്ഞു. ആസാദിന്റെ തലയ്ക്കും വയറിനുമായിരുന്നു ഗുരുതര പരിക്ക്. ശരീരത്തിൽ ആകെ 27 വെട്ടും കുത്തും. ഇരുകൈകളും കൊത്തിക്കീറിയ നിലയിലായിരുന്നു.
ആശുപത്രിയിൽ എത്തും മുന്പ് ഇരുവരുടെയും രക്തം ഏറെ നഷ്ടപ്പെട്ടു. ആസാദിന്റെ വയറിനു വെട്ടേറ്റു ആന്തരികാവയവങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു. വിരലുകൾ മുറിഞ്ഞു. വെട്ടേറ്റു വിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരിന്നുവെന്നും ഡോക്ടർ കോടതി മുന്പാകെ ബോധിപ്പിച്ചു. 829 പേജുകളിലായാണ് ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കിയത്.
കേസിൽ ഇതുവരെ 257 സാക്ഷികളെ വിസ്തരിച്ചു. 450ഓളം രേഖകളും അൻപതിലേറെ തൊണ്ടിമുതലുകളും കോടതി മുന്പാകെ ഹാജരാക്കി. 356 സാക്ഷികളുള്ള കേസിൽ സെപ്തംബർ 19-നാണ് വിസ്താരം ആരംഭിച്ചത്. 2012 ജൂണ് 10നാണ് കേസിനാസ്പദമായ സംഭവം.
കൊളക്കാടൻ അബൂബക്കർ(48), സഹോദരൻ അബ്ദുൾ കലാം ആസാദ്(37)എന്നിവരെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി ഇ.എം. കൃഷ്ണൻ നന്പൂതിരിയും പ്രതികൾക്കായി പി.കെ. ശ്രീധരനും ഹാജരായി. സാക്ഷി വിസ്താരം 25ന് തുടരും.