എടത്വ: ദീപികയിലെ അനുഗ്രഹ സ്മരണ പരസ്യം തുണയായപ്പോൾ കുഞ്ഞാഗസ്തിക്കു തിരികെ കിട്ടിയത് പുതുജീവിതം, ഒപ്പം സഹോദരിയെയും. രണ്ടു വർഷത്തിലധികമായി എടത്വ സ്നേഹഭവനിൽ കഴിഞ്ഞു വരികയായിരുന്നു രാമപുരം കിഴതിരികര പുളിമറ്റത്തിൽ കുഞ്ഞാഗസ്തി എന്ന എഴുപത്തൊന്പതുകാരൻ. ഊമയും ബധിരനും ആയതിനാൽ ഇദ്ദേഹത്തിന്റെ നാട് എവിടെയാണെന്നു ചോദിച്ചറിയാൻ സ്നേഹഭവൻ അധികൃതർക്കു കഴിഞ്ഞിരുന്നില്ല.
അങ്ങനെയിരിക്കെ കഴിഞ്ഞ ജനുവരി 30ന് ദീപികയിൽ പ്രസിദ്ധീകരിച്ച തേവർപറന്പിൽ കുഞ്ഞച്ചന്റെ അനുഗ്രഹ സ്മരണ പരസ്യത്തിലെ പടമാണ് കുഞ്ഞാഗസ്തിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. സ്നേഹഭവനിൽ മേശപ്പുറത്തുകിടന്ന ദീപിക പത്രത്തിലെ തേവർപറന്പിൽ കുഞ്ഞച്ചന്റെ പടംകണ്ട് കുഞ്ഞാഗസ്തി വലിയ ആഹ്ലാദം പ്രകടിപ്പിക്കുന്നത് സ്നേഹഭവൻ സെക്രട്ടറി ജോണിക്കുട്ടി തുരുത്തേലിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജോണിക്കുട്ടി ആംഗ്യഭാഷയിൽ കാര്യം തിരക്കി. ഇതോടെ, ഇവിടെയാണ് തന്റെ നാടെന്നു കുഞ്ഞാഗസ്തി ആംഗ്യം കാട്ടി.
ഉടൻ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ രാമപുരം സ്വദേശിയായ സീനിയർ സിപിഒ പി.പി. പ്രേംജിത്തുമായി സ്നേഹഭവൻ അധികൃതർ ബന്ധപ്പെട്ടു. പ്രേംജിത്ത് രാമപുരം പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു. കൂലിപ്പണി ചെയ്തു ജീവിച്ചിരുന്ന കുഞ്ഞാഗസ്തി എന്നയാളെ 2017 ജനുവരി 13 മുതൽ കാണാതായതായി സഹോദരി ജസീന്ത തോമസ് അവിടെ പരാതി നൽകിയിരുന്നതായി കണ്ടെത്തി.
രണ്ടു മാസം കൂടുന്പോൾ തന്റെ സഹോദരനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയോ എന്നു തിരക്കി ജസീന്താ സ്റ്റേഷനിലെത്തുമായിരുന്നു. ഓരോ തവണയും നിരാശയോടെ മടങ്ങിരുന്ന ജസീന്തായുടെ വീട്ടിൽ ഞായറാഴ്ച പോലീസ് എത്തി സഹോദരന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കാണിച്ചപ്പോൾ ജസീന്ത സന്തോഷംകൊണ്ട് മതിമറന്നു.
പോലീസുകാർ ജസീന്തയുടെ ഫോട്ടോ പകർത്തി ജോണിക്കുട്ടിക്കും അയച്ചു. തുടർന്ന് ഇതു കുഞ്ഞാഗസ്തിയെ കാണിച്ചു. സഹോദരിയുടെ ഫോട്ടോ കണ്ട കുഞ്ഞാഗസ്തി സന്തോഷംകൊണ്ട് വിതുന്പി. രാമപുരം എസ്ഐ എം.ജെ. ഐജു, സിപിഒ ജോഷി ജോണ് എന്നിവർ ഇന്നലെ രാവിലെ ഒന്പതോടെ സ്നേഹഭവനിൽ എത്തുകയും കുഞ്ഞാഗസ്തിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
ഇന്നലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം കുഞ്ഞാഗസ്തിയെ ജസീന്തയ്ക്ക് ഒപ്പം പറഞ്ഞയച്ചു. 2017 ജനുവരിയിൽ മരിയാപുരം ജംഗ്ഷനിൽ അലഞ്ഞുതിരിഞ്ഞു നടന്ന കുഞ്ഞാഗസ്തിയെ എടത്വ ഗ്രാമപഞ്ചായത്തംഗം തോമസുകുട്ടി തോട്ടുകടവിലാണ് സ്നേഹഭവനിൽ എത്തിച്ചത്.