കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ ആസ്പദമാക്കി, മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും സിനിമകൾ സംവിധാനം ചെയ്യുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതിനു പിന്നാലെയിതാ മോഹൻലാലിന്റെ കുഞ്ഞാലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്തുന്നു. കുഞ്ഞാലിമരയ്ക്കാർ രണ്ടാമനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നതെന്നും 300 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നും നിർമാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു.
അഞ്ചു ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രിയദർശൻ തമിഴിൽ സംവിധാനം ചെയ്യുന്ന നിമിറിന്റെ നിർമാതാവും സന്തോഷ് ടി. കുരുവിളയാണ്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.