സ്വന്തം ലേഖകന്‍
കോഴിക്കോട്: പാലാരിവട്ടം പാലത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണത്തില്‍ കണ്ണുനട്ട് മുസ്ലിം ലീഗ്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. പാണക്കാട് ഹൈദരലി തങ്ങളുടെ മകന് മുഈന്‍ അലി ഇക്കാര്യം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
മുസ്ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിലാണ് ഹൈദരലി തങ്ങളിലേക്ക് അന്വേഷണം എത്തിയത്.
തങ്ങളെ ഇഡി ചോദ്യം ചെയ്യുകയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് സംബന്ധിച്ചും വ്യക്തമാക്കാനുള്ള സാധ്യതയേറെയാണ്.
സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യും. ഇക്കാര്യങ്ങളാണ് ലീഗ് നേതൃത്വത്തെ അലട്ടുന്നുണ്ട്.
ഇഡി അന്വേഷണത്തിന് മുമ്പേ തന്നെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യാപകപരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ മുഈന്‍ അലിയെ ഔദ്യോഗികമായി ഹൈദലി തങ്ങള്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കും മുമ്പേ തന്നെ ക്രമക്കേടുകള്‍ സംബന്ധിച്ച് മുഈന്‍ അലി ഹൈദരലി തങ്ങളേയും അറിയിച്ചിട്ടുണ്ട്. നിലവില്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഹൈദരലി തങ്ങള്‍ ചികിത്സയിലാണ്.
അതേസമയം സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മുഈന്‍ അലി തയാറായില്ല. “ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും ഇഡി അന്വേഷിക്കുന്നുണ്ടെല്ലോയെന്നും മുഈന്‍ അലി രാഷ്ട്രദീപികയോട് പറഞ്ഞു.
അച്ചടക്ക നടപടിയുടെ ഭാഗമായി മുന്ഈന് അലിക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ നടപടി സ്വീകരിച്ചാല്‍ വിമതനായി രംഗത്ത് വരികയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുള്ള സാധ്യതയും നേതൃത്വത്തെ അലട്ടുന്നുണ്ട്.
സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മറ്റു നിയമനടപടികള്‍ സ്വീകരിച്ചാലും ലീഗിന് തിരിച്ചടിയാവും . അതിനാല്‍ അനുരഞ്ജന നീക്കത്തിനുള്ള ശ്രമവും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.