സ്വന്തം ലേഖകൻ
കണ്ണൂര്‍: അരിയിൽ ഷുക്കൂര്‍ വധക്കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ടി.പി. ഹരീന്ദ്രന്റെ ആരോപണത്തിൽ ലീഗിലെ കണ്ണൂർ ലോബിയിലേക്കും അന്വേഷണം. ടി.പി. ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നിൽ മുസ്ലിംലീഗിലെ ചില നേതാക്കൾക്കും പങ്കുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ആരോപണം.
അതിനാൽ, സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കാര്യം അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഗൂഢാലോചന നടന്നതായാണ് ഇവർ പറയുന്നത്.
അടുത്തിടെ ലീഗിൽനിന്നു നടപടിക്ക് വിധേയരായ ചിലർക്കു ഇതിൽ പങ്കുള്ളതായും പറയുന്നു. ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും മുഖ്യനിക്ഷേപമുള്ള വൈദേഹം റിസോർട്ട് വിവാദം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനെതിരേ ടി.പി. ഹരീന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇതിലാണ് ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ഹരീന്ദ്രൻ പരാമർശിച്ചത്.