കണ്ണൂർ: സിപിഎം അനുകൂല വിഭാഗം സംഘടിപ്പിക്കുന്ന എം.വി. രാഘവൻ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സെമിനാറിൽ മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. ദുബായിൽ മറ്റൊരു പരിപാടിയുണ്ടായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം.
കണ്ണൂർ ചേംബർ ഹാളിൽ എം.വി.ആർ. മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് സംഘടിപ്പിക്കുന്ന എം.വി.ആർ. ദിനാചരണത്തിന്റെ സെമിനാറിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നു സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.
യുഡിഎഫിൽ ഇത് വിവാദമായിരുന്നു.സിപിഎം പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിൽ യുഡിഎഫ് ഘടകക്ഷിയായ സിഎംപി അതൃപ്തി അറിച്ചതായാണ് വിവരം.
ഇതേതുടർന്ന് വിവാദങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ് പരിപാടിയിൽ നിന്ന് പിൻമാറിയതെന്നാണ് സൂചന. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗിനെ ക്ഷണിച്ചത് യുഡിഎഫിൽ ഏറെ ചർച്ചയായിരുന്നു.
കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ ഇന്നു നടക്കുന്ന സെമിനാർ മന്ത്രി വി.എൻ. വാസവൻ ആണ് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് ഘടകക്ഷിയായ സിഎംപി സംഘടിപ്പിക്കുന്ന പരിപാടിയിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല.