പെരിങ്ങത്തൂർ: ഇന്ത്യയിൽ മോദി സർക്കാറിന്റെ പടിയിറക്കം ആരംഭിച്ചിരിക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സമീപ കാലത്ത് ഉത്തർപ്രദേശ് ഉൾപെടെയുളള സംസ്ഥാനങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് ഫലമെന്നു പി.കെ. കുഞ്ഞാലികുട്ടി എംപി. പെരിത്തൂർ ടൗൺ മുസ്ലിംലീഗ് ഓഫീസായ ബാഫക്കി തങ്ങൾ സൗധത്തിന്റെയും എഫ്എം ട്രസ്റ്റും ഖത്തർ കണ്ണൂർ ജില്ലാകമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാഷ്ട്രീയ പാർട്ടികൾ കൊലപാതകത്തെക്കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും തങ്ങളുടെ ഓഫീസുകളിൽ ചർച്ച നടത്തുമ്പോൾ നാട്ടിൽ നടപ്പിലാക്കേണ്ട കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫീസുകൾ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു.
എംബിബിഎസ് പഠനം പൂർത്തിയാക്കിയ നസീഫ് മുസക്ക് ഖത്തർ കെഎംസിസി ഏർപ്പെടുത്തിയ ഉപഹാരവും കുഞ്ഞാലികുട്ടി വിതരണം ചെയ്തു. എൻ.എ.എം സ്മാരക ലൈബ്രറി ഉദ്ഘാടനം പൊട്ടങ്കണ്ടി അബ്ദുള്ളയും പിലാവുള്ളതിൽ സമീർ എക്സിക്യുട്ടീവ് ഹാളിന്റെ ഉദ്ഘാടനം എൻ.എ. അബൂബക്കറും എം.ആർ. അബ്ദുള്ള സ്മാരക കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം കെ.കെ. മുഹമ്മദും ജനസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സൈനുൽ ആബിദീനും നിർവഹിച്ചു.
മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി വി. നാസർ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള എംഎൽഎ, പി.കെ. ഫിറോസ്, വി.കെ. അബ്ദുൾ ഖാദർ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം ചേലേരി, വി.പി. മജീദ് പാത്തിപ്പാലം, എം. പി.കെ. അയൂബ്, പി.കെ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
പി.കെ. കുഞ്ഞാലികുട്ടിക്കുള്ള ഉപഹാരം അക്ബർ കുന്നോത്തും പി.കെ. ഫിറോസിനുള്ള ഉപഹാരം ടൗൺ എംഎസ്എഫ് ടൗൺ ശാഖ ഭാരവാഹികളും വിതരണം ചെയ്തു. നേരത്തെ ചെറുപുല്ലൂക്കരയിൽ നിന്നും ബാൻഡ്, മാപ്പിള കലകളുടെയും ഗ്രീൻഗാർഡ് വോളണ്ടിയർമാരുടെയും അകമ്പടിയോടെ നടന്ന ബഹുജന റാലി സമ്മേളന നഗരിയിൽ സമാപിച്ചു.