മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നിലവിലെ ദേശീയപാത പരമാവധി ഉയോഗപ്പെടുത്തി ആവശ്യമെങ്കിൽ മാത്രം കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്നു അദ്ദേഹം മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. നിലവിലെ സർവേ പ്രകാരം കൂടുതൽ വീടുകൾ നഷ്ടപ്പെടുമെന്നും അതിനാൽ ജനപ്രതിനിധികൾ നൽകിയ ബദൽ അലൈൻമെന്റ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ മലപ്പുറത്തും ചേർന്ന യോഗത്തിലും ജനപ്രതിനിധികൾ പുതിയ അലൈൻമെന്റ് നൽകിയിരുന്നു. ജനപ്രതിനിധികൾ നൽകിയ അലൈൻമെന്റ്് പ്രകാരം നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം കുറവാണ്.
ബദൽ അലൈൻമെന്റ് പരിഗണിച്ച് സർവേ നടത്തണമെന്നും നടപടികൾ വേഗത്തിലാക്കി ഇരകൾക്കു പരമാവധി നഷ്ടപരിഹാരം നൽകണമെന്നും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. അതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.